കൊച്ചി: പരിസ്ഥിതി രംഗത്തെ സംയോജനത്തിന്റെ ഭാഗമായ പര്യാവരൺ യൂത്ത് പാർലമെന്റിലേക്ക് കേരളത്തിന്റെ പ്രാതിനിധ്യം. ഏപ്രിൽ മാസത്തിൽ കേന്ദ്രപരിസ്ഥിതി ജലവായു മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പര്യാവരൺ യൂത്ത് പാർലമെന്റ് പരിപാടിയിലേക്കാണ് തെരഞ്ഞെടുപ്പ്. ഇന്റൺഷിപ്പിൽ പങ്കെടുത്ത എറണാകുളം ഇടപ്പള്ളി സ്വദേശിനി ആഗ്നസ് ഫ്രാൻസിസ്, തിരുവനന്തപുരം വീരണകാവ് സ്വദേശിനി അഞ്ജു കൃഷ്ണ.എം.എസ് എന്നിവരാണ് ദേശീയ തലത്തിലെ സെമിനാറിൽ പങ്കെടുക്കുന്നത്.
ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ചാണ് കേരളത്തിലെ രണ്ട് യുവ വിദ്യാർത്ഥിനികൾ തെരഞ്ഞെടുക്കപ്പെട്ടത്. അഖിലേന്ത്യാ തലത്തിൽ 45 കേന്ദ്രങ്ങളിൽ നിന്നും പങ്കെടുത്ത 250 ലേറെ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് പാർലമെന്റിൽ പരിസ്ഥിതി സംരക്ഷണ സെമിനാറിൽ അവസരം ലഭിക്കുന്നത്.
എറണാകുളം തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നിന്നും പരിസ്ഥിതി ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദ ധാരിണിയാണ് ആഗ്നസ്. നിലവിൽ ഗവേഷണ ബിരുദ പ്രവേശനത്തിന് പരിശീലനം നേടിക്കൊണ്ടിരിക്കുന്നു. കൊച്ചിമഹാനഗർ പര്യാവരൺ സംരക്ഷണ ഗതിവിധി കൂട്ടായ്മയിൽ അംഗമാണ്. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണ പാറശ്ശാല സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നും നിയമബിരുദം നേടിയ ശേഷം കേരള ലോ അക്കാദമിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. തിരുവന്തപുരം ഗ്രാമീണ ജില്ല പര്യാവരൺ സംരക്ഷണ ഗതിവിധി കൂട്ടായ്മയുടെ ഭാഗമാണ്. ഇരുവരും പര്യാവരൺ സംരക്ഷണ ഗതിവിധിയുടെ വിദ്യാഭ്യാസ കാര്യവിഭാഗിൽ കേരള സംസ്ഥാന ടീമിന്റെ ഭാഗമായി ബോധവൽക്കരണ പരിശീലന പരിപാടികളുടെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്.
ദക്ഷിണേന്ത്യയിലെ കേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 30 ലേറെ വിദ്യാർത്ഥികൾക്കിടയിലാണ് ആദ്യ ഘട്ട പരിശീലനം നടന്നത്. ഡിസംബർ മാസം അഞ്ചു ദിവസം നീണ്ടുനിന്ന ഓൺലൈൻ പരിശീലനത്തിനൊടുവിലാണ് പാർലമെന്റി ലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. വിവിധ പരിസ്ഥിതി വിഷയങ്ങളിലെ പ്രാഥമിക വിവര ശേഖരണം, നഗര-ഗ്രാമീണ മേഖലയിലെ പരിസ്ഥിതി സംരക്ഷണം, കുടുംബങ്ങളിൽ പരിസ്ഥിതി സംരക്ഷണം, പോളിത്തീൻ നിർമ്മാർജ്ജനം എന്നീ വിഷയത്തിലാണ് വിദ്യാർത്ഥികൾ അഞ്ചു ദിവസം ആശയസംവാദവും കർമ്മപദ്ധതിയും ആവിഷ്ക്കരിച്ചത്. കേന്ദ്ര പരിസ്ഥിതി ജലവായു മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ ആഗോളതലത്തിലെ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനായിട്ടാണ് പരിശീലനം നടക്കുന്നത്. ഇന്ത്യ ലോകത്തിന് മുന്നിൽ വച്ചിരിക്കുന്ന കർമ്മപദ്ധതിയുടെ വിവിധ മേഖലയിലെ കാര്യപരിപാടികൾ രൂപീകരിക്കുന്നതിൽ യുവാക്കളുടെ പങ്കാണ് പാർലമെന്റിൽ സെമിനാറിൽ അവതരിപ്പിക്കപ്പെടുക.















