മലപ്പുറം: പി.വി അൻവറിന്റെ നിയമലംഘനങ്ങൾ ഇന്ന് പൊളിച്ചു നീക്കും. അൻവറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണയും റോപ്‌വേയും ബോട്ട് ജെട്ടിയുമാണ് ഇന്ന് പൊളിക്കുന്നത്. ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. ഓംബുഡ്‌സ്മാന്റെ ഉത്തരവിനെ തുടർന്നാണ് അനധികൃത നിർമ്മാണം പൊളിക്കുന്നത്. അനുമതിയില്ലാതെയാണ് നടപടികളെന്ന പ്രദേശവാസികളുടെ പരാതിയിലാണ് നടപടി.
നിയമങ്ങൾ ലംഘിച്ചുള്ള നിർമ്മിതികൾ പൊളിച്ചുമാറ്റണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ വലിയ വിമർശനമാണ് ഉയർന്നത്. പൊളിച്ചു നീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്‌ച്ച വരുത്തിയാൽ പഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് പിഴ ചുമത്തുമെന്ന് തദ്ദേശസ്ഥാപനങ്ങളുടെ ഓംബുസ്ഡ്മാൻ ജസ്റ്റിസ് പിഎസ് ഗോപിനാഥൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്‌ച്ച വരുത്തി.
2015ലാണ് മലപ്പുറം ജില്ലയിലെ ചീങ്കണ്ണിപ്പാലിയിൽ സമുദ്രനിരപ്പിൽ നിന്നും 2600 അടി ഉയരത്തിൽ മലയിടിച്ച് അൻവർ തടയണ കെട്ടിയത്. തടയണ നിയമവിരുദ്ധമാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്നും പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് ജൂലൈ രണ്ടിന് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ കെ.കെ സുനിൽ കുമാർ കളക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ തടയണകൾ പൊളിക്കുന്നത് നീണ്ടുപോകുകയായിരുന്നു.
2016ൽ നിലമ്പൂരിൽ നിന്ന് സിപിഎം സ്വതന്ത്ര എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അൻവർ എട്ടേക്കർ സ്ഥലം ഭാര്യാപിതാവ് അബ്ദുൽ ലത്തീഫിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. ആർഡിഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമവിരുദ്ധമായി നിർമ്മിച്ച തടയണ പൊളിച്ചുനീക്കാൻ മലപ്പുറം കലക്ടർ ആയിരുന്ന അമിത് മീണ 2017ലാണ് ഉത്തരവിട്ടത്.
Comments