പോളിംഗ് ദിവസമായാൽ ബൂത്തുകൾക്ക് മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. സമ്മതിദാനാവകാശം രേഖപ്പെടുത്താൻ എത്തുന്ന പൗരന്മാരുടെ തിക്കും തിരക്കും അന്ന് ഏറെയാണ്. ഈ തിരക്കിനിടയിൽ സെലിബ്രിറ്റികളോ രാഷ്‌ട്രീയ പ്രവർത്തകരോ എത്തിയാൽ അവരെ ക്യൂവിൽ നിർത്താതെ ആദ്യം കയറ്റിവിടുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഒരു കേന്ദ്ര മന്ത്രി ക്ഷമയോടെ അതിരാവിലെ പോളിംഗ് ബൂത്തിന് മുന്നിലെ ക്യൂവിൽ നിൽക്കുന്ന കാഴ്ചകളാണ് ഇപ്പോൾ വൈറലാകുന്നത്.
കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വിയാണ് ഉത്തർപ്രദേശ് രാംപൂരിലെ പോളിംഗ് ബൂത്തിൽ അതിരാവിലെ എത്തിയത്. കേന്ദ്ര മന്ത്രിയാണെന്ന് പറഞ്ഞ് ക്യൂവിൽ നിൽക്കാതെ ബൂത്തിലേക്ക് കയറി പോകുകയല്ല, മറിച്ച് സമാധാനത്തോടെ ക്യൂവിൽ നിന്നാണ് കേന്ദ്ര മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ഈ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഉത്തർപ്രദേശിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. ബിൻജോർ, മൊറാദാബാദ്, സാംപാൽ, രാംപൂർ, അമ്റോഹ,ബുധൗൻ, ബറേലി, ഷഹജഹൻപൂർ എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടവോട്ടെടുപ്പ്. 586 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് സുഗമമാക്കാൻ 12,538 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വൻ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.















