ന്യൂഡൽഹി : കോൺഗ്രസിന്റെ ‘ യുവ’ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസിനെ ഇല്ലാതാക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക വാദ്രയും തന്നെ ധാരാളമാണെന്ന് യോഗി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗിയുടെ പരാമർശം.
കോൺഗ്രസിനെ തകർക്കാൻ പുറത്ത് നിന്നും ആരും വരേണ്ട ആവശ്യമില്ല. നെഹ്റു കുടുംബത്തിലെ അംഗങ്ങളായ രാഹുലും പ്രിയങ്കയും തന്നെ ധാരാളമാണ്. കോൺഗ്രസിന് പിന്തുണ നൽകിക്കൊണ്ട് എന്തിനാണ് ആ പാർട്ടിയെ ബുദ്ധിമുട്ടിക്കുന്നത് എന്നാണ് താൻ ഉത്തരാഖണ്ഡിലെ ജനങ്ങളോട് ചോദിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഉത്തരാഖണ്ഡിൽ വെച്ച് നടന്ന പരിപാടിയിലും യോഗി ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നു. കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതിൽ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അത് രാഹുലും പ്രിയങ്കയും ചേർന്ന് ഇല്ലാതാക്കുമെന്നുമാണ് യോഗി പറഞ്ഞത്.
എന്നാൽ തന്റെ ജീവൻ സ്വന്തം സഹോദരന് വേണ്ടി ബലികഴിക്കാനും തയ്യാറാണെന്നാണ് പ്രിയങ്ക കഴിഞ്ഞ ദിവസം പറഞ്ഞത്. കോൺഗ്രസിൽ തമ്മിലടി ഇല്ലെന്നാണ് പ്രിയങ്ക വാദ്രയുടെ അവകാശവാദം.
Comments