കൊച്ചി: വ്യാപാര-വ്യവസായ മേഖലയില്‍ പുത്തന്‍ പ്രതീക്ഷയാവുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി നിര്‍മാണം ഒക്ടോബറില്‍ തുടങ്ങിയേക്കും. ഏപ്രില്‍ അവസാനത്തോടെ ഭൂമി ഏറ്റെടുക്കുന്ന നടപടി ആരംഭിക്കും. പാലക്കാട് നാലിടത്തായി 1800 ഏക്കറും എറണാകുളത്ത് 350 ഏക്കറുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്. ഏപ്രിലില്‍ 1500 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാവുമെന്നാണ് പ്രതീക്ഷ.
പാലക്കാട് കണ്ണമ്പ്രയില്‍ 300 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. പുതുശേരിയില്‍ 653 ഏക്കര്‍ ഏറ്റെടുക്കുന്ന നടപടി ഉടന്‍ ആരംഭിക്കും. ഏറ്റെടുത്ത സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചശേഷം സാമ്പത്തിക കാര്യസമിതിയുടെ അംഗീകാരം ആവശ്യമുണ്ട്. അംഗീകാരം ലഭിച്ചാല്‍ പദ്ധതി നടപ്പാക്കുന്ന കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് കേന്ദ്രം ഫണ്ട് അനുവദിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി.
വ്യവസായ യൂണിറ്റുകള്‍, ആശുപത്രി, ഷോപ്പിങ് കോംപ്ലക്‌സ്, വിനോദ സഞ്ചാര കേന്ദ്രം, സ്‌കൂളുകള്‍ എന്നിവയെല്ലാം ചേര്‍ന്ന വലിയ ടൗണ്‍ഷിപ്പാണ് പാലക്കാട് ആസൂത്രണം ചെയ്തിട്ടുള്ളത്. എറണാകുളത്ത് ഗിഫ്റ്റ് സിറ്റിയും സ്ഥാപിക്കും. നിര്‍ദ്ദിഷ്ട വ്യവസായ ഇടനാഴിക്ക് സംസ്ഥാനത്തിന്റെ വ്യവസായമേഖലയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.















