തൃശൂർ: റിപ്പബ്ലിക് ദിനത്തിൽ കുടിലിന് മുൻപിൽ കുട്ടികൾക്കൊപ്പം ദേശീയപതാക ഉയർത്തി സല്യൂട്ട് ചെയ്ത് ശ്രദ്ധ നേടിയ അമ്മിണിയമ്മയെ ആദരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃശൂർ ജില്ലയിലെ ചേർപ്പിൽ പനമ്പായ കൊണ്ട് മറച്ച കൊച്ചു വീടിന് മുന്നിൽ നിന്ന് തന്റെ കൊച്ചു മക്കളോടൊപ്പം ദേശീയ പതാക ഉയർത്തിയ അമ്മിണിയമ്മയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ബൂത്ത് സമ്മേളനത്തോട് അനുബന്ധിച്ച് തൃശൂർ ജില്ലയിൽ എത്തിയ കെ. സുരേന്ദ്രൻ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറിനും പ്രവർത്തകർക്കുമൊപ്പം അമ്മിണിയമ്മയെ സന്ദർശിക്കുകയായിരുന്നു. അമ്മിണിയമ്മയുടെ കുടുംബത്തിനൊപ്പം കുറച്ചു സമയം ചിലവഴിച്ച ശേഷമാണ് ഇവർ മടങ്ങിയത്.
ജീവിത പ്രതിസന്ധികൾക്കിടയിലും ജനിച്ച മണ്ണിനോടുള്ള കൂറ് കാണിക്കാൻ ഈ പ്രായത്തിലും തയ്യാറായ അമ്മിണി അമ്മ കേരളത്തിന് മാതൃകയാണെന്ന് ബിജെപി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഇരുന്ന് ചൈനയെ പ്രകീർത്തിക്കുകയും ദേശീയ ചിഹ്നങ്ങളെ അപമാനിക്കുകയും ചെയ്യുന്നവരെ ആദരിക്കുന്ന സഖാക്കളുള്ള നാട്ടിൽ ദേശസ്‌നേഹികൾക്ക് നമ്മൾ അല്ലാതെ മാറ്റാരുണ്ടെന്ന ചോദ്യത്തോടെയാണ് ബിജെപി അമ്മിണിയമ്മയെ ആദരിച്ചത്.

രാജ്യത്തെ അപമാനിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത രാജ്യവിരുദ്ധരെ മാത്രം പ്രോത്സാഹിക്കുന്ന പിണറായി സർക്കാർ ഇത്തരം ദേശസ്‌നേഹ മാതൃകാപ്രവർത്തനത്തെ അഭിനന്ദിക്കാനുള്ള മനസെങ്കിലും കാണിക്കണം.ദേശസ്‌നേഹത്തിന്റെ ആത്മസമർപ്പണം നടത്തിയ അമ്മിണിയമ്മ വരും തലമുറക്ക് മാതൃകയാകട്ടെയെന്നും കെ. സുരേന്ദ്രൻ ആശംസിച്ചു.
അമ്മിണിയമ്മയെ നേരത്തെ നാവിക സേനയും ആദരിച്ചിരുന്നു. കുടിലിന്റെ സ്ഥാനത്ത് പുതിയ വീട് നിർമിച്ച് നൽകുമെന്ന് സംവിധായകൻ മേജർ രവിയും ഉറപ്പ് നൽകിയിരുന്നു. ഇതിനുളള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.















