ന്യൂഡൽഹി: കോടതിയിൽ ഓൺലൈനായി ഹിയറിങ് നടക്കുന്നതിനിടെ ശീതളപാനീയം കുടിച്ച പോലീസ് ഉദ്യോഗസ്ഥന് വ്യത്യസ്തമായ ശിക്ഷ വിധിച്ച് ഗുജറാത്ത് ഹൈക്കോടതി. ബാർ അസോസിയേഷനിലുള്ള അഭിഭാഷകർക്ക് 100 കാൻ കൊക്ക-കോള വാങ്ങി നൽകാനാണ് കോടതി നിർദ്ദേശിച്ചത്. എം.എം.റാത്തോഡ് എന്ന ഉദ്യോഗസ്ഥനാണ് ഇത്തരമൊരു പണി കിട്ടിയത്.
കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോൺഫറൻസിനിടെയാണ് സംഭവം. ട്രാഫിക് ജംഗ്ഷനിൽ രണ്ട് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന കേസ് കോടതി പരിഗണിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥൻ എന്തോ കുടിക്കുന്നതായി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് അശുതോഷ് ജെ ശാസ്ത്രി എന്നിവരുടെ ശ്രദ്ധയിൽ പെടുന്നത്. ‘ കോടതിയിലാണെങ്കിൽ ഇതുപോലെ കൊക്കകോള കാനുമായി വരുമായിരുന്നോ എന്ന് അസിസ്റ്റന്റ് ഗവ.പ്ലീഡർ ഡി.എം.ദേവ്‌നാനിയോട് കോടതി ചോദിച്ചു.
ഇതോടെ റാത്തോഡിന് വേണ്ടി ദേവ്‌നാനി കോടതിയോട് മാപ്പ് പറഞ്ഞു. കൊക്ക-കോളയുടെ കാനിൽ കുടിക്കുന്നതാണ് കണ്ടതെന്നും അതിനുള്ളിൽ എന്താണെന്ന് അറിയില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. തുടർന്ന് അഡ്വ.ജനറലിന്റെ ഓഫീസിൽ വച്ച് റാത്തോഡ് കൊക്കകോള വിതരണം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കുകയായിരുന്നു.















