ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഐ.കെ ഗുജ്രാലിന്റെ മകനും മുൻ രാജ്യസഭാംഗവുമായ നരേഷ് ഗുജ്രാൽ 7.80 കോടി രൂപയുടെ സൈബർ തട്ടിപ്പിന് ഇരയായി. ജൂൺ 12 മുതൽ 16 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ ഡൽഹി പൊലീസ് സൈബർ സെൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നരേഷ് ഗുജ്രാലിന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച തട്ടിപ്പുകാർ, അദ്ദേഹത്തിന്റെ കമ്പനിയിലെ അക്കൗണ്ട്സ് വിഭാഗം ജീവനക്കാരനെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്ത്. താൻ പ്രധാനപ്പെട്ട യോഗത്തിലാണെന്നും അടിയന്തരമായി ചില പണമിടപാടുകൾ നടത്തണമെന്നും വിശ്വസിപ്പിച്ചാണ് പ്രതികൾ പണം കൈക്കലാക്കിയത്. നാല് ആർടിജിഎസ് (RTGS) ഇടപാടുകളിലൂടെ ആകെ 7.80 കോടി രൂപയാണ് ജീവനക്കാരൻ അയച്ചു കൊടുത്തത് .

തുടർച്ചയായ ഇടപാടിൽ സംശയം തോന്നിയ നരേഷ് ഗുജ്രാലിന്റെ മകൾ ദീക്ഷ ഗുജ്രാൽ പിതാവുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടർന്ന് ദേശീയ സൈബർ ഹെൽപ്‌ലൈൻ 1930-ൽ പരാതി നൽകുകയും ഇ-എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തട്ടിയെടുത്ത തുകയിൽ ഏകദേശം നാല് കോടി രൂപ മരവിപ്പിക്കാൻ കഴിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പണം ഏത് അക്കൗണ്ടുകളിലേക്കാണ് മാറ്റിയതെന്നും തട്ടിപ്പിന് പിന്നിലുള്ള ശൃംഖലയെക്കുറിച്ചും അന്വേഷണം തുടരുകയാണ്.














