ന്യൂഡൽഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യത്തെ വികസന കുതിപ്പിലേയ്ക്ക് നയിക്കുന്ന പ്രധാന ഘടകമായി വടക്കുകിഴക്കൻ ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അരുണാചൽപ്രദേശിന്റെ 36-ാം സംസ്ഥാന രൂപീകരണ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ ഏഷ്യയിലേയ്ക്കുള്ള പ്രധാന കവാടമായി അരുണാചൽ മാറുമെന്നും സർക്കാർ അതിനുള്ള പദ്ധതികൾ ആവഷ്കരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘അരുണാചൽപ്രദേശിന്റെ 36-ാം സംസ്ഥാന രൂപീകരണ ദിനത്തിൽ ഏവർക്കും എന്റെ ആശംസകൾ. 50 വർഷം വടക്കുകിഴക്കൻ അതിർത്തിയുടെ അതിർത്തി ഏജൻസിയായിരുന്ന(എൻഇഎഫ്എ) പ്രദേശത്തിന് പുത്തൻ നാമധേയം ലഭിച്ചു, അരുണാചൽപ്രദേശ്. ഉദയസൂര്യന്റെ പ്രദേശമെന്ന അരുണാചലിനെ വികസനത്തിലേയ്ക്ക് നയിക്കുന്നത് അവിടുത്തെ ദേശസ്നേഹികളായ സഹോദരന്മാരുടെയും സഹോദരിമാരുടെയും അകമഴിഞ്ഞ പ്രവർത്തനമാണ്’ പ്രധാനമന്ത്രി പറഞ്ഞു.
‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യത്തെ വികസനത്തിലേയ്ക്ക് നയിക്കുന്ന എഞ്ചിനായി കിഴക്കേ ഇന്ത്യ, പ്രത്യേകിച്ച് വടക്കുകിഴക്കൻ ഇന്ത്യ മാറുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അരുണാചൽപ്രദേശിന്റെ വികസനത്തിനായി കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധാരാളം പദ്ധതികൾ നടപ്പിലാക്കി. മാത്രമല്ല, സംസ്ഥാനത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കാനും പാരമ്പര്യം നിലനിർത്തുവാനും അരുണാചലിലെ ജനങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. പുതിയ വികസനങ്ങൾ വന്നപ്പോഴും, സംസ്ഥാനത്തിന്റെ സംസ്കാരത്തിന് യാതൊരുവിധ കൊട്ടവും തട്ടിയിട്ടില്ല. ഇത് മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണം’ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ഒരു വ്യക്തി അവന്റെ നാടിനെയും സംസ്കാരത്തെയും ആത്മാർത്ഥമായി സ്നേഹിക്കുമ്പോൾ, അവനിൽ രാഷ്ട്രബോധവും വളരുന്നു. അരുണാചലിന്റെ പൈതൃകം ഇന്നും നിലനിൽക്കുന്നതിന്റെ ഉദാഹരണവും ഇതുതന്നെയാണ്. വികസനത്തോടൊപ്പം നാടിന്റെ പൈതൃകം കാത്തുസൂക്ഷിക്കാനും ഓരോ പൗരനും ബാധ്യസ്ഥരാണ്. ഓരോ ഭാരതീയനും അരുണാചലിലെ ജനങ്ങളെ മാതൃകയാക്കണം. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച അരുണാചൽപ്രദേശിലെ എല്ലാ ധീരജവാന്മാരെയും ഈ അവസരത്തിൽ ഓർക്കുന്നു. അരുണാചൽ എന്നും രാജ്യത്തിന് അഭിമാനമാണ് എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കിഴക്കൻ ഏഷ്യയുടെ പ്രധാന കവാടമായി അരുണാചലിനെ മാറ്റാനുള്ള പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാർ ആവഷ്കരിച്ചിട്ടുണ്ട്. ആധുനിക സംവിധാനങ്ങൾ സംസ്ഥാനത്തെ എല്ലാ മേഖലകളിലേയ്ക്കും ഇതിനോടകം എത്തിച്ചിട്ടുണ്ട്. കൂടാതെ, പ്രകൃതി തന്നെ അരുണാചലിന് വലിയൊരു നിധി ശേഖരം ഒരുക്കി നൽകിയിട്ടുണ്ട്. അതാണ് അവിടുത്തെ പൈതൃകം. പ്രകൃതി സൗന്ദര്യംകൊണ്ടും, ആധുനിക സംവിധാനങ്ങൾകൊണ്ടും സമ്പുഷ്ടമായ സംസ്ഥാനമായി അരുണാചൽ മാറുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. 1987 ഫെബ്രുവരി 20നാണ് അരുണാചൽപ്രദേശ് സംസ്ഥാനമായി രൂപീകരിച്ചത്.
Comments