കീവ്: വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, കിഴക്കൻ യുക്രെയ്നിലെ റഷ്യയുടെ പിന്തുണയുള്ള വിഘടനവാദി നേതാക്കൾ കുട്ടികളെയും സ്ത്രീകളെയും മോസ്കോവിലേക്ക് മാറ്റിയതായി റിപ്പോർട്ട്. യുക്രെയ്ൻ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ ദക്ഷിണ റഷ്യയിലേക്ക് മാറാനാണ് ഡൊനെറ്റ്സ്കിലെയും ലുഹാൻസ്കിലെയും വിഘടനവാദി നേതാക്കൾ സിവിലിയന്മാരോട് ആവശ്യപ്പെട്ടത്. ഗൾഫ് എൻ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച രാവിലെ, കിഴക്കൻ യുക്രെയ്നിലെ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളിൽ നിന്ന് നൂറുകണക്കിന് സിവിലിയന്മാർ വിമതരുടെ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽ നിന്നൊഴിഞ്ഞു പോയി.
യുക്രേനിയൻ അധിനിവേശം ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രസ്താവിക്കുന്ന വീഡിയോകളും റഷ്യൻ അനുകൂല വിഘടനവാദികൾ പുറത്തുവിട്ടു. ആയുധം കൈവശം വയ്ക്കാൻ കഴിവുള്ള എല്ലാ പുരുഷന്മാരും സൈന്യത്തിൽ ചേരാൻ ആവശ്യപ്പെടുന്നുവെന്നും അവർ വെളിപ്പെടുത്തി. സ്വയം പ്രഖ്യാപിത ഡൊണെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ തലവൻ ഡെനിസ് പുഷിലിനും സ്വയം പ്രഖ്യാപിത ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ വിഘടനവാദി നേതാവ് ലിയോനിഡ് പസെക്നിക്കും യുക്രേനിയൻ ഭാഗത്ത് നിന്നുള്ള ആക്രമണം ചൂണ്ടിക്കാട്ടി 7 ലക്ഷത്തിലധികം സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കീവ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി.
റഷ്യൻ സൈനികരെ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് പിൻവലിച്ചതിന് തെളിവുകളില്ലാത്തതിനാൽ അധിനിവേശത്തിന് സാധ്യതയുണ്ടെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ വിലയിരുത്തൽ. യുക്രെയ്നിന്റെ അതിർത്തിക്ക് സമീപമുള്ള റഷ്യൻ സൈന്യം വരും ദിവസങ്ങളിൽ യുക്രെയ്നിലേക്ക് ആസന്നമായ അധിനിവേശത്തിലേക്ക് നയിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങൾ വിശ്വസിക്കുന്നുവെന്ന് ജി 7 രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ പറഞ്ഞു. അയൽരാജ്യത്തെ ആക്രമിക്കാൻ പദ്ധതിയില്ലെന്ന് ക്രെംലിൻ അവകാശപ്പെടുമ്പോഴും, വർദ്ധിച്ചുവരുന്ന പിരിമുറുക്കത്തെക്കുറിച്ച് നേതാക്കൾ അങ്ങേയറ്റം ആശങ്കാകുലരാണെന്നാണ് റിപ്പോർട്ട്.
വർദ്ധിച്ചുവരുന്ന സംഘർഷത്തിനിടയിൽ റഷ്യ ഏറ്റവും പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. ക്രൂയിസ് മിസൈലുകൾ, ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ എന്നിവ കംചത്ക പെനിൻസുലയിലെ കുറ പരിശീലന മേഖലയിൽ വിജയകരമായി പരീക്ഷിച്ചുവെന്ന് ക്രെംലിൻ ശനിയാഴ്ച പ്രസ്താവനയിൽ വെളിപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെയും ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെയും മേൽനോട്ടത്തിലാണ് റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തിയത്. സേനയുടെ സന്നദ്ധതയും റഷ്യയുടെ ആണവ, പരമ്പരാഗത ആയുധങ്ങളുടെ ഫലപ്രാപ്തിയും പരിശോധിക്കുന്നതിനായി വളരെക്കാലം മുമ്പ് അഭ്യാസം ആസൂത്രണം ചെയ്തിരുന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Comments