കൊച്ചി : താൻ എപ്പോഴും സന്തോഷവാനാണെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ച് സ്വാമി ഗംഗേശാനന്ദ. പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് 23 കാരിയായ യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ, യുവതിക്കെതിരെ തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് പ്രതികരണം. താൻ നിയമ സ്ഥാപനങ്ങളെയും ഭരണാധികാരികളെയും ബഹുമാനിക്കുന്നയാളാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുകയാണ്. അന്തിമ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. ഇപ്പോഴുണ്ടായത് പോസിറ്റീവായ കാര്യമാണെന്നും ബാക്കി എല്ലാം പിന്നീട് പറയാമെന്നും ഗംഗേശാനന്ദ വ്യക്തമാക്കി.
‘ഞാൻ എപ്പോഴും സന്തോഷവാനാണ്, എനിക്ക് ഇതുവരെ ദുഃഖം തോന്നിയിട്ടില്ല. വേദനിച്ചിരുന്നു എന്നല്ലാതെ ദുഃഖം തോന്നിയിട്ടില്ല.’ ശരീരത്തിലുണ്ടാകുന്നതാണ് വേദനയെന്നും മനസിൽ ദുഃഖം ഉണ്ടായിട്ടില്ലെന്നും സ്വാമി വ്യക്തമാക്കി. സത്യം എല്ലാവരോടും തുറന്ന് പറയുമെന്നും വൈകീട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്ത് വെച്ച് മാദ്ധ്യമങ്ങളെ കാണുമെന്നും സ്വാമി അറിയിച്ചു.
മുഖ്യമന്ത്രിയേയും ഭരണാധികാരികളെയും പോലീസിനെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നയാളാണ് താൻ. പക്ഷേ ചില കാര്യങ്ങളിൽ വിശ്വാസം കുറവാണെന്നും ഗംഗേശാനന്ദ പറഞ്ഞു. സൂര്യൻ പതുക്കെ പതുക്കെയേ പ്രകാശിക്കൂ എന്നും അതാണ് ഈ കേസിലും സംഭവിച്ചത് എന്നും സ്വാമി പറഞ്ഞു.















