ന്യൂഡൽഹി: മാർച്ച് 6 മുതൽ 27 വരെ ബ്രിട്ടനിൽ നടക്കുന്ന വ്യോമാഭ്യാസത്തിൽ ഇന്ത്യൻ എയർഫോഴ്സ് സംഘം പങ്കെടുക്കും. ‘എക്‌സ് കോബ്ര വാരിയർ 22’ എന്ന് പേരിട്ടിരിക്കുന്ന വ്യോമാഭ്യാസ പ്രകടനത്തിൽ വിവിധ ലോക രാജ്യങ്ങളുടെ വ്യോമസേനകൾ അണിനിരക്കും
ബ്രിട്ടന്റെയും മറ്റ് പ്രമുഖ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾക്കുമൊപ്പം ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് ആണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്
വിവിധ വ്യോമസേനകൾക്കിടയിലുള്ള സൈനിക സഹകരണം, സൗഹൃദം, യുദ്ധ ശേഷി പങ്കുവയ്‌ക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടാണ് വ്യോമ പ്രകടനം സംഘടിപ്പിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തേജസിന്റെ പ്രവർത്തന ശേഷിയും, സാങ്കേതികത്തികവും ലോകരാജ്യങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിക്കാനുള്ള ഒരു വേദികൂടിയാണിത്. അഞ്ച് തേജസ് യുദ്ധ വിമാനങ്ങളാണ് ബ്രിട്ടനിലേക്ക് പറക്കാൻ ഒരുങ്ങുന്നത്.
2022 ഫെബ്രുവരി 15 മുതൽ 18 വരെ നടന്ന ‘സിംഗപ്പൂർ എയർ ഷോ-2022’ ൽ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധ വിമാനങ്ങളുടെ പ്രദർശനം നടന്നിരുന്നു. 83 ലൈറ്റ് കോംബാറ്റ് തേജസ് യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാർ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് ഈ വർഷമാദ്യം പ്രതിരോധ മന്ത്രാലയം കൈമാറിയിരുന്നു















