മോസ്കോ: ഫേസ്ബുക്കിന് നിയന്ത്രണം ഏർപ്പെടുത്തി റഷ്യ. ഫേസ്ബുക്ക് റഷ്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്നും റഷ്യൻ കണ്ടന്റുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നുവെന്നും കാണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് റഷ്യ കത്തയച്ചിട്ടുണ്ട്.
റഷ്യയുടെ കത്തിന് ഫേസ്ബുക്ക് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഭാഗീകമായി നിയന്ത്രണം ഏർപ്പെടുത്താനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ എന്തെല്ലാം നിയന്ത്രണങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. രണ്ട് ദിവസമായി യുക്രെയ്നിൽ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക്, റഷ്യൻ പൗരന്മാരുടെ വിവരങ്ങൾ സെൻസർ ചെയ്തത്.
അതേസമയം യുക്രെയ്നിൽ നിന്നും റഷ്യയുടെ പിന്മാറ്റം ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. യുക്രെയ്ൻ അധിനിവേശത്തെ ശക്തമായി അവതരിക്കപ്പെട്ട പ്രമേയത്തെ അമേരിക്ക അടക്കം 11 രാജ്യങ്ങൾ പിന്തുണച്ചു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
Comments