കീവ്: യുദ്ധം രക്തച്ചാലുകൾ സൃഷ്ടിക്കുമ്പോൾ സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളും അഭ്യർത്ഥനകളുമാണ് ചുറ്റിനും ഉയരുന്നത്. റഷ്യൻ പൗരമാരടക്കം യുദ്ധത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. അതിനിടെ വൈറലായ ഒരു ചിത്രമാണ് യുക്രെയ്ൻ ദേശീയ പതാക പുതച്ചു നിൽക്കുന്ന യുവാവും റഷ്യൻ ദേശീയ പതാക പുതച്ചു നിൽക്കുന്ന യുവതിയും.
പരസ്പരം കൈകോർത്ത് ആലിംഗനം ചെയ്തിരിക്കുന്ന ഇരുവരുടേയും ചിത്രം വളരെ പെട്ടെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ബുള്ളറ്റ് തുളച്ച് കയറുമ്പോൾ പൊലിയുന്നത് എല്ലാം മനുഷ്യജീവനുകൾ തന്നെയാണ്,സാധാരണക്കാർ തമ്മിൽ യുദ്ധമില്ല എന്ന് പറഞ്ഞ് നിരവധി പേരാണ് ചിത്രം പങ്കുവെച്ചത്. ശശിതരൂർ എംപിയടക്കം നിരവധി പ്രമുഖരും ഈ ചിത്രം പങ്കു വെച്ചിരുന്നു.
എന്നാൽ യഥാർത്ഥത്തിൽ ഈ ചിത്രം യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം എടുത്തതാണോ? ഈ ചിത്രം എടുക്കാനുണ്ടായ സാഹചര്യം എല്ലാം ചോദ്യങ്ങളായി തന്നെ അവശേഷിച്ചു. ചിത്രത്തിന്റെ അറിയാകഥ അന്വേഷിച്ചു പോകുമ്പോൾ ചിത്രം മൂന്ന് വർഷം മുൻപ് കൃത്യമായി പറഞ്ഞാൽ 2019 ൽ എടുത്തതാണെന്ന് അറിയാൻ സാധിക്കും.
പോളണ്ടിൽ വെച്ച് നടന്ന സംഗീതപരിപാടിക്കിടെ എടുത്തതാണ് ഈ ചിത്രം.അന്ന് പരിപാടി കാണാൻ എത്തിയ യുവതിയും യുവാവുമാണ് ചിത്രത്തിൽ. റഷ്യയും യുക്രെയ്നും തമ്മിലുള്ള കലഹം യുദ്ധത്തിലേക്ക് വഴി മാറിയപ്പോൾ സ്നേഹത്തിന്റേയും പരസ്പര സഹവർത്തിത്വത്തിന്റേയും അടയാളമായി ചിത്രത്തെ വീണ്ടും സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തതാണെന്ന് ചുരുക്കം.
Comments