കീവ്: യുക്രെയ്നിൽ റഷ്യയുടെ അധിനിവേശം മൂന്നാം ദിനം പിന്നിടുമ്പോൾ യുദ്ധം സൈബർലോകത്തേയ്ക്കും അതിശക്തമായി വ്യാപിച്ചിരിക്കുകയാണ്. യുദ്ധം തുടങ്ങി ആദ്യ ദിനം തന്നെ ഹാക്കർമാർ പണി തുടങ്ങിയിരുന്നുവെങ്കിലും ഇന്ന് കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
ക്രെംലിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഇന്ന് വൈകുന്നേരത്തോടെ പ്രവർത്തന രഹിതമായെന്നാണ് റിപ്പോർട്ട്. വെബ്സൈറ്റ് പുന: സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. റഷ്യൻ ഗവൺമെന്റിന്റേയും ദേശീയ മാദ്ധ്യമങ്ങളുടേയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായാണ് റിപ്പോർട്ട്. ക്രെംലിൻ വെബ്സൈറ്റിന് പുറമേ റഷ്യയുടെ ആറ് ഔദ്യോഗിക വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രമുഖ ഹാക്കിങ്ങ് ഗ്രൂപ്പുകൾ ഒത്തു ചേർന്ന് റഷ്യയ്ക്കെതിരെ പ്രവർത്തിയ്ക്കാൻ തുടങ്ങി എന്നതാണ് പുതിയ വിവരം. പാശ്ചാത്യ സഖ്യ കക്ഷികളുമായി ചേർന്ന് ഞങ്ങൾ യുദ്ധം അടുത്ത ഘട്ടത്തിലേക്ക് നീക്കിയിരിക്കുന്നു എന്ന് ഹാക്കർമാർ വ്യക്തമാക്കിക്കഴിഞ്ഞു.അനോണിമസ് കലക്റ്റീവ് എന്ന പ്രമുഖ ഹാക്കർമാരുടെ സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം.
റഷ്യൻ പിന്തുണയുള്ള ഹാക്കർമാർ യുക്രെയ്ന്റെ സർക്കാർ വെബ്സൈറ്റുകളുടേയും മുൻനിര ബാങ്കുകളുടേയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഹാക്കർമാർ റഷ്യൻ വെബ്സൈറ്റുകൾക്കെതിരെയും തിരിഞ്ഞത്.
Comments