ന്യൂഡൽഹി: കൊറോണ കണക്കിൽ രാജ്യത്തിന് വീണ്ടും ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നതാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിദിന രോഗികൾ പതിനായിരത്തിന് താഴെ റിപ്പോർട്ട് ചെയ്തുവെന്നതും ആശ്വാസകരമാണ്. മൂന്നാം തരംഗം ആരംഭിച്ചതിന് ശേഷം ആദ്യമായണ് രോഗികൾ പതിനായിരത്തിന് താഴെയെത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,013 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരട്ടിയോളം രോഗമുക്തരും റിപ്പോർട്ട് ചെയ്തു. 16,765 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ സജീവ കേസുകളുടെ എണ്ണവും കുറഞ്ഞു. 1,02,601 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു. 1.11 ശതമാനമാണ് രാജ്യത്തെ ടിപിആർ. ഇതുവരെ ആകെ 4.23 കോടിയിലധികം ആളുകൾ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 119 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 5,13,843 ആയി. ഇതുവരെ 177.50 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments