ന്യൂഡൽഹി: യുക്രെയ്‌നിൽ റഷ്യൻ സേന വിപുലമായ ആക്രമണത്തിന് നീങ്ങിത്തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഒഴിപ്പിക്കൽ ദൗത്യത്തിന് വേഗം കൂട്ടി ഇന്ത്യ. 218 ഇന്ത്യൻ പൗരൻമാരുമായി ഒൻപതാമത്തെ വിമാനവും ഇന്ത്യയിലേക്ക് തിരിച്ചു. ബുക്കാറസ്റ്റിൽ നിന്നാണ് ഈ വിമാനം പറന്നുയർന്നത്.
ബുഡാപെസ്റ്റിൽ നിന്നുളള എട്ടാമത്തെ വിമാനത്തിൽ 218 പേരും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. രാവിലെ 182 ഇന്ത്യക്കാർ മുംബൈയിൽ എത്തിയിരുന്നു. 2012 പേരാണ് ഒൻപത് വിമാനങ്ങളിലായി ഇതുവരെ ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇന്നു തന്നെ കൂടുതൽ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാനാകുമെന്നും കൂടുതൽ പേരെ തിരിച്ചെത്തിക്കാനാകുമെന്നുമുളള പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.
കീവിലേക്ക് റഷ്യൻ സേനയുടെ വലിയ വാഹനവ്യൂഹം അടുക്കുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇവിടെ നിന്നുളള ഇന്ത്യക്കാരോട് സുരക്ഷിതമായി മറ്റിടങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലഭ്യമാകുന്ന ട്രെയിനുകളിലോ മറ്റ് യാത്രാമാർഗങ്ങളിലോ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനാണ് നിർദ്ദേശം.
റഷ്യൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ ഫെബ്രുവരി 24 മുതൽ ഇന്ത്യൻ എംബസിക്ക് സമീപം ഒരു കെട്ടിടത്തിൽ പാർപ്പിച്ചിരുന്ന 400 ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി കീവിൽ നിന്നും രക്ഷപെടുത്തിയതായി എംബസി അറിയിച്ചു. എംബസിയുടെ ഇടപെടലിന്റെ ഫലമായി ട്രെയിൻമാർഗമാണ് ഇവരെ മാറ്റിയത്.
എയർ ഇന്ത്യയ്‌ക്ക് പിന്നാലെ ഇൻഡിഗോ എയർലൈൻസും സ്‌പൈസ് ജെറ്റും ഓപ്പറേഷൻ ഗംഗയുടെ ഭാഗമായിട്ടുണ്ട്. വ്യോമസേനയോടും ദൗത്യത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വ്യോമസേന കൂടി പങ്കാളികളാകുന്നതോടെ ചുരുങ്ങിയ സമയത്തിനുളളിൽ കൂടുതൽ പേരെ ഇന്ത്യയിലേക്ക് എത്തിക്കാനാകും.
യുക്രെയ്‌ന്റെ അയൽരാജ്യങ്ങളിലേക്ക് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക പ്രതിനിധികളായി നിയോഗിക്കപ്പെട്ട കേന്ദ്രമന്ത്രിമാർ കൂടി എത്തുന്നതോടെ ഇരട്ടിവേഗം കൈവരുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ. ഇന്ത്യക്കാരുടെ യാത്രയ്‌ക്ക് നേരിടുന്ന തടസങ്ങൾ നയതന്ത്ര ഇടപെടലിലൂടെ അതിവേഗം പരിഹരിക്കാൻ കേന്ദ്രമന്ത്രിമാരുടെ സാന്നിദ്ധ്യം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തൽ.















