മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടൻ സുരേഷ് ഗോപിയുടെ 252-ാം ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണുണ്ടായത്. നടൻ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന പാപ്പൻ എന്ന ചിത്രം ജോഷിയാണ് സംവിധാനം ചെയ്യുന്നതെന്ന് അറിയിച്ചിരുന്നു. അത്യധികം ആകാംഷയോടെ ആരാധകർ പാപ്പനായി കാത്തിരിക്കുമ്പോഴാണ് സുരേഷ് ഗോപി അടുത്ത സർപ്രൈസ് പ്രഖ്യാപിച്ചിരിക്കുന്നത്.
എസ്ജി-253 എന്ന തലക്കെട്ടോടെ സുരേഷ് ഗോപി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പഴയ ഹിറ്റ് ചിത്രം ‘പത്ര’ത്തെയാണ് അനുസ്മരിപ്പിക്കുന്നത്. അതായത് പത്രം-2 എത്തുന്നുവെന്ന സൂചന നൽകുന്നതാണ് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
തന്റെ 253-ാമത്തെ ചിത്രത്തിനായി കാത്തിരിക്കൂവെന്നാണ് പോസ്റ്റിൽ എഴുതിയിരിക്കുന്നത്. ഇതിനോടൊപ്പം പങ്കുവെച്ച ചിത്രത്തിൽ നിരവധി പത്രങ്ങളുടെ കട്ടിംഗുകളും ഉണ്ട്. ഇതാണ് ആരാധകർക്ക് നൽകിയ സൂചന. പാപ്പന് ശേഷം പത്രം-2 എത്തുമെന്ന പ്രതീക്ഷയിലാണ് പോസ്റ്റ് കണ്ട ആരാധകർ.
മഞ്ജുവാര്യർ, സുരേഷ് ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി അവതരിപ്പിച്ച ചിത്രം 1999ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. ഒടുവിൽ സുരേഷ് ഗോപി തന്നെ പോസ്റ്റ് പങ്കുവെച്ചതോടെ അടുത്ത് തന്നെ പത്രത്തിന്റെ രണ്ടാം ഭാഗമെത്തുമെന്നാണ് സൂചന.
Comments