ചെന്നൈ: സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയാൽ തല അടിച്ചുപൊളിക്കുമെന്ന ഭീഷണിയെ തുടർന്ന് പരിപാടിക്ക് ഹെൽമറ്റ് ധരിച്ചെത്തി ബിജെപി, അണ്ണാഡിഎംകെ അംഗങ്ങൾ. തമിഴ്‌നാട്ടിൽ തിരുനൽവേലി ജില്ലയിലെ തിസയൻവിള നഗരസഭയിലാണ് സംഭവം. ബിജെപി, അണ്ണാഡിഎംകെ അംഗങ്ങളെയാണ് ഡിഎംകെ നേതാക്കൾ ഭീഷണിപ്പെടുത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയാൽ തല അടിച്ചുപൊളിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെയാണ് ഹെൽമറ്റ് ധരിച്ചെത്തിയതെന്ന് അംഗങ്ങൾ പറയുന്നു.
അധ്യക്ഷസ്ഥാനം ലഭിക്കണമെങ്കിൽ 10 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. അണ്ണാഡിഎംകെ ഒൻപത് വാർഡുകളിലും ബിജെപി ഒരു വാർഡിലുമാണ് വിജയിച്ചത്. അണ്ണാഡിഎംകെ-ബിജെപി സഖ്യത്തിന് ഭരണം കിട്ടുമെന്ന അവസ്ഥ വന്നതോടെയാണ് ഡിഎംകെ അംഗങ്ങൾ ഭീഷണിയുമായി വന്നത്. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് ഇവിടെ നാല് സീറ്റ് മാത്രമാണുള്ളത്. മൂന്ന് സ്വതന്ത്രരും ഡിഎംകെയെ പിന്തുണയ്‌ക്കുന്നുണ്ട്.















