മോസ്കോ: റഷ്യയുടെ യുക്രെയ്നിലെ അധിനിവേശത്തിനെതിരെ ലോക വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. പ്രസിഡന്റ് വ്ളാഡിമിർ പുടിനെതിരായ വികാരവും അനുദിനം വളരുകയാണ്. നിരവധി റഷ്യക്കാർ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ആക്ഷേപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ റഷ്യൻ വ്യവസായി സോഷ്യൽമീഡിയയിൽ പുടിനെതിരെ പങ്കിട്ട പോസ്റ്റാണ് ഇപ്പോൾ പാശ്ചാത്യ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
റഷ്യൻ പ്രസിഡന്റിനെ ‘മരിച്ചതോ ജീവിച്ചിരിക്കുന്നതോ’ പിടികൂടുന്ന ഏതൊരു സൈനിക ഉദ്യോഗസ്ഥനും ഒരു മില്യൺ ഡോളർ വാഗ്ദാനം ചെയ്യുന്നുവെന്നാണ് പോസ്റ്റ്. സംരംഭകനും മുൻ ബാങ്കറുമായ അലക്സ് കൊനാനിഖിൻ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. യുക്രെയ്ൻ അധിനിവേശത്തിൽ യുദ്ധക്കുറ്റം ചെയ്തതിന് പുടിനെ പിടികൂടണമെന്നും വ്യവസായി പറഞ്ഞു. എന്നാൽ പിന്നീട് കോനാനിഖിൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും സമ്മാനം നൽകുന്ന കാര്യം നിരസിക്കുകയും ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിശേഷിപ്പിച്ച കൊനാനിഖിൻ റഷ്യൻ പ്രസിഡന്റിനെ തടയേണ്ടത് തന്റെ കടമയാണെന്നും പറഞ്ഞിരുന്നു. പിന്നീട് പോസ്റ്റിനെ പിന്തുണച്ച് അദ്ദേഹം മറ്റ് ചില പോസ്റ്റുകൾ ഇട്ടു. തന്റെ എഫ്ബി പേജിൽ നിന്ന് ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ലാത്ത ഒരു പോസ്റ്റിൽ കോനാനിഖിൻ എഴുതി ”ആയിരം പേർ ഓരോ ദശലക്ഷം സംഭാവന ചെയ്താൽ, അത് ഒരു ബില്യൺ ആകും.
എന്നാൽ പോസ്റ്റുകൾ അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയതിന് ശേഷം, റഷ്യൻ പ്രസിഡന്റിനെ വധിക്കുന്നതിനുള്ള ഒരു വാഗ്ദാനവും താൻ നൽകിയിട്ടില്ലെന്ന് കോനാനിഖിൻ പറഞ്ഞു. വിവാദമായപ്പോൾ എഫ്ബി പോസ്റ്റ് പിന്നീട് നീക്കം ചെയ്തു. ”പുടിന്റെ കൊലപാതകത്തിന് പണം നൽകാമെന്ന് ഞാൻ വാഗ്ദാനം ചെയ്തതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അത് ശരിയല്ല. അത്തരമൊരു ഫലം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സന്തോഷിപ്പിക്കുമെങ്കിലും, പുടിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഞാൻ വിശ്വസിക്കുന്നു” അദ്ദേഹം മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്കിലെ പ്രൊഫൈൽ ചിത്രത്തിൽ കൊനാനിഖിൻ ധരിച്ചിരിക്കുന്നത് യുക്രേനിയൻ ദേശീയ പതാകയുടെ മഞ്ഞയും നീലയും നിറങ്ങളുള്ള ഒരു ഷർട്ടാണ്. അദ്ദേഹം തന്റെ പേജിൽ നിരവധി യുക്രെയ്ൻ അനുകൂലമായ ഉള്ളടക്കങ്ങൾ ഉളള പോസ്റ്റുകൾ പങ്കിട്ടിട്ടുണ്ട്. കൂടാതെ റഷ്യൻ അധിനിവേശത്തെ ചെറുക്കുന്നതിനുള്ള വീരോചിതമായ ശ്രമങ്ങളിൽ യുക്രെയ്ന് സഹായം നൽകുമെന്ന് പരാമർശിച്ചു. അഡോൾഫ് ഹിറ്റ്ലറുമായി സാമ്യമുള്ള പുടിന്റെ നിരവധി വികലമായ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Comments