ന്യൂഡല്‍ഹി: തങ്ങളുടെ പൗരന്മാരേയും യുക്രെയ്നില്‍ നിന്ന് ഭാരതസര്‍ക്കാര്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നേപ്പാള്‍ സര്‍ക്കാര്‍. ഓപ്പറേഷന് ഗംഗ എന്ന പേരിലാണ് യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കേന്ദ്രസര്‍ക്കാര്‍ തിരികെ രാജ്യത്ത് എത്തിക്കുന്നത്. രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെയാണ് നേപ്പാളും തങ്ങളുടെ പൗരന്മാരെ ഇന്ത്യയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും നേപ്പാളിന്റെ അഭ്യര്‍ത്ഥനയോട് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നതെന്നാണ് വിവരം. യുക്രെയ്നും റഷ്യയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം പരിഗണിച്ചാണ് നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടിയത്.
നേപ്പാളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി യുക്രെയ്നില്‍ എത്തിയിട്ടുണ്ട്. നേപ്പാള്‍ സര്‍ക്കാരിന് യുക്രെയ്ന്-റഷ്യ ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ ഇന്ത്യയുടെ സഹായം തേടിയത്. കഴിഞ്ഞ ദിവസം പാകിസ്താന്റേയും തുര്‍ക്കിയുടേയും വിദ്യാര്‍ത്ഥികളും ഇന്ത്യന്‍ പതാകയുടെ സഹായത്തോടെ അതിര്‍ത്തി കടന്നിരുന്നു. ഇന്ത്യന്‍ പതാകയേന്തി വരുന്നവര്‍ക്ക് പ്രത്യേക പരിഗണന കിട്ടുന്നത് പരിഗണിച്ചായിരുന്നു നീക്കം.
ഇന്ത്യയുടെ ദേശീയ പതാകയുമേന്തി യാത്ര ചെയ്തത് കൊണ്ട് പ്രശ്നങ്ങളില്ലാതെ അതിര്‍ത്തി കടക്കാനായെന്നും പാകിസ്താന്, തുര്‍ക്കി വിദ്യാര്‍ത്ഥികളും സുരക്ഷയ്ക്കായി ത്രിവര്‍ണ പതാക കയ്യിലേന്തിയെന്നും യുക്രെയ്നില്‍ നിന്നും റുമാനിയയിലേക്ക് രക്ഷപെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. സ്പ്രേ പെയിന്റ് വാങ്ങി കര്‍ട്ടനുകളില്‍ ത്രിവര്‍ണം പൂശി, കര്‍ട്ടനുകള്‍ കീറിയെടുത്ത് പതാകയാക്കി കയ്യില്‍ പിടിച്ചാണ് മറ്റ് രാജ്യങ്ങളുടെ വിദ്യാര്‍ത്ഥികളും ചെക്പോയിന്റുകള്‍ കടന്നതെന്ന് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി നാല് കേന്ദ്രമന്ത്രിമാരും ഈ രാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്.
Comments