മൊഹാലി: നൂറാം ടെസ്റ്റിൽ സെഞ്ച്വറി നേടുമെന്ന ആരാധകരുടെ പ്രതീക്ഷയ്‌ക്ക് താൽക്കാലിക വിരാമമിട്ട് വിരാട് കോഹ് ലി ആദ്യ ഇന്നിംഗ്‌സിൽ 45ന് പുറത്ത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 211ന് 4 എന്ന നിലയിലാണ്. ഓപ്പണർമാർ നേടിയ അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടിന് കരുത്ത് പകർന്ന് മൂന്നാം വിക്കറ്റിൽ ഹനുമാ വിഹാരി(58) വിരാട് കോഹ് ലി(45) സഖ്യം ഇന്ത്യയെ 3ന് 170 എന്ന ഭേദപ്പെട്ട നിലയിലെത്തിച്ച ശേഷമാണ് പിരിഞ്ഞത്.
മദ്ധ്യനിരയിൽ ഋഷഭ് പന്തും(28) രവീന്ദ്ര ജഡേജ(0) യുമാണ് ക്രിസിൽ. ശ്രേയസ് അയ്യർ 27 റൺസ് എടുത്ത് പുറത്തായി. മുൻ നിരയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് 128 പന്തുകളെ നേരിട്ട് ക്ഷമയോടെ ബാറ്റ് വീശിയ വിഹാരി 5 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ആദ്യ ഇന്നിംഗ്‌സിലെ ഇന്ത്യയുടെ അർദ്ധസെഞ്ച്വറി നേട്ടക്കാരനായത്. ഒപ്പം നിന്ന വിരാട് കോഹ്ലി 76 പന്തിൽ അർദ്ധസെഞ്ച്വറി ക്കടുത്ത് വെച്ച് 45ൽ വീണു. വിഹാരിയെ ഫെർണാണ്ടോയും വിരാടിനെ എംബുൾദേനിയ യും ക്ലീൻബൗൾഡാക്കി.
ഓപ്പണർമാർ ശ്രദ്ധയോടെയാണ് ഇന്നിംഗ്‌സ് ആരംഭിച്ചത്. നായകൻ രോഹിത് ശർമ്മ 6 ബൗണ്ടറികളുടെ അകമ്പടിയോടെ 28 പന്തിൽ 29 റൺസിൽ നിൽക്കേ കുമാരയ്‌ക്ക് വിക്കറ്റ് നൽകി മടങ്ങി. മായങ്ക് അഗർവാല് 49 പന്തിൽ 5 ബൗണ്ടറികളടക്കം 33ൽ നിൽക്കേ എംബുൾദേനിയയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് പുറത്തായത്.
Comments