ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സായ്രാജ് ബഹുതുലെയെ ഇന്ത്യന്‍ പുരുഷ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ചായി ഭാരതീയ ക്രിക്കറ്റ് കണ്ട്രോള് ബോര്ഡ്പ്രഖ്യാപിച്ചു. കളിക്കാരനായും പരിശീലകനായും ദീര്‍ഘകാലത്തെ പരിചയസമ്പത്തുള്ള വ്യക്തിയാണ് ബഹുതുലെ. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും സ്പിന്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള പരിശീലകനായാണ് അദ്ദേഹം അറിയപ്പെടുന്നത്.
അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായാണ് 53-കാരനായ ബഹുതുലെ ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. ടെസ്റ്റിന് പുറമെ പരിമിത ഓവര്‍ ക്രിക്കറ്റിലും ഇന്ത്യന്‍ സ്പിന്നര്‍മാരെ സഹായിക്കുക അദ്ദേഹത്തിന്റെ ചുമതലയായിരിക്കും. നിലവില്‍ ഇന്ത്യന്‍ ടീമിന് മാത്രമായി ഒരു സ്പിന്‍ ബോളിങ് കോച്ച് ഇല്ലാത്ത സാഹചര്യത്തിലാണ് ഈ നിയമനം. ഇന്ത്യന്‍ ജേഴ്സിയില്‍ രണ്ട് ടെസ്റ്റുകളും എട്ട് ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള ബഹുതുലെ, ടെസ്റ്റില്‍ 39 റണ്‍സും ഏകദിനത്തില്‍ 23 റണ്‍സും നേടിയിട്ടുണ്ട്.
ഐ.പി.എല്‍ 2026-ല്‍ പഞ്ചാബ് കിങ്സിന്റെ സ്പിന്‍ ബോളിങ് കോച്ചായായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സേവനം. ഇതിനുമുന്‍പ് 2018 മുതല്‍ 2021 വരെ രാജസ്ഥാന് റോയല്‍സിന്റെ സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഭാഗമായിരുന്ന അദ്ദേഹം പിന്നീട് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ ബോളിങ് കോച്ചായി നിയമിതനായതില്‍ വലിയ ബഹുമതിയുണ്ടെന്ന് സായ്രാജ് ബഹുതുലെ പ്രതികരിച്ചു. ‘ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ സ്പിന്‍ ബോളിങ് കോച്ചായി നിയമിതനായത് വലിയൊരു അംഗീകാരമായി കാണുന്നു.
ഒരു കളിക്കാരനായി ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ അഭിമാനമായിരുന്നു, ഇപ്പോള്‍ പരിശീലകന്റെ വേഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനായി വീണ്ടും സംഭാവന നല്കാന് അവസരം ലഭിച്ചത് ഏറെ സവിശേഷമായ കാര്യമാണ്. കളിക്കാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും എല്ലാ ഫോര്‍മാറ്റുകളിലും ടീമിന്റെ വിജയത്തിനായി സഹായിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു,’ ബി.സി.സി.ഐ പുറത്തുവിട്ട പ്രസ്താവനയില്‍ ബഹുതുലെ വ്യക്തമാക്കി.















