ന്യൂഡൽഹി : അടച്ചിട്ട നിസാമുദ്ദീൻ മർക്കസ് വീണ്ടും പൂർണമായി തുറന്നുകൊടുക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. മർക്കസ് പൂർണമായി തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ അഭിഭാഷകൻ രജത് നായർ ഇക്കാര്യം അറിയിച്ചത്. 2020 മാർച്ചിലാണ് മർക്കസ് അടച്ചിട്ടത്.
റംസാൻ, ഷബ് ഇ ബറാത് എന്നിവ പരിഗണിച്ച് മർക്കസ് പൂർണമായി തുറന്നു നൽകണം എന്നാവശ്യപ്പെട്ടാണ് വഖഫ് ബോർഡ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ മർക്കസുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും, ഈ സാഹചര്യത്തിൽ മസ്ജിദ് തുറന്നു നൽകുക സാദ്ധ്യമല്ലെന്നും രജത് നായർ കോടതിയെ അറിയിച്ചു. കൊറോണ വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളോടെ മർക്കസിൽ ആളുകൾക്ക് പ്രവേശനം നൽകുന്നുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഇരു ഭാഗങ്ങളുടെയും വാദം കേട്ട കോടതി കേസ് അടുത്താഴ്ച പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ മസ്ജിദ് തുറക്കാനുള്ള ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ഹാജരാക്കാൻ ഹർജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാർച്ച് 20 ന് നിസാമുദ്ദീൻ മർക്കസിൽ സംഘടിപ്പിച്ച തബ്ലീഗ് ജമാഅത്ത് സമ്മേളനം രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നതിന് കാരണമായിരുന്നു. തുടർന്നാണ് മർക്കസ് അടച്ചിട്ടത്. ഇതിന് പിന്നാലെ നിരവധി പേരാണ് മർക്കസിനെതിരെ പോലീസിൽ പരാതി നൽകിയത്.
Comments