ന്യൂഡൽഹി: കീവിൽ നിന്നും മടങ്ങാൻ ശ്രമിക്കവെ വെടിയേറ്റ ഹർജ്യോത് സിംഗിന്റെ ചികിത്സാ ചിലവുകൾ കേന്ദ്രസർക്കാർ ഏറ്റെടുക്കും. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. ഇക്കാര്യം ഇന്ത്യൻ എംബസി അന്വേഷിക്കുന്നുണ്ട്. എന്നാൽ സംഘർഷ മേഖലയായതിനാലാണ് ദുഷ്‌കരമാകുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കീവിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റത്. രക്ഷാ ദൗത്യത്തിനായി പോളണ്ടിലെത്തിയ കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറൽ വികെ സിംഗായിരുന്നു ഇക്കാര്യം മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
നേരത്തെ കിഴക്കൻ യുക്രെയ്‌നിലെ ഖാർകീവ് നഗരത്തിലെ ജനവാസകേന്ദ്രങ്ങളിൽ നടന്ന റഷ്യയുടെ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നു. കർണാടകയിലെ ഹവേരി ജില്ലയിലെ ചലഗേരി സ്വദേശി നവീൻ എസ്.ജിയാണ് മരിച്ചത്. ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാനവർഷ വിദ്യാർത്ഥിയായിരുന്നു നവീൻ. ഇതുകൂടാതെ മറ്റൊരു പഞ്ചാബ് സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥിയും യുക്രെയ്‌നിൽ മരിച്ചിരുന്നു. ഇദ്ദേഹം പക്ഷാഘാതം സംഭവിച്ച് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
Comments