ബംഗളുരു: ഹിജാബ് ധരിക്കുന്നത് എതിർക്കുന്നവർക്കെതിരെ വധഭീഷണി മുഴക്കിയ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. കർണാടകയിലെ കോൺഗ്രസ് നേതാവ് മുകറം ഖാൻ ആണ് അറസ്റ്റിലായത്. ഇയാൾ ഇസ്ലാമിക മതമൗലികവാദികൾക്ക് അനുകൂലമായി സംസാരിച്ച് കൊണ്ടുള്ള വീഡിയോ കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. ഹിജാബ് ധരിക്കുന്നത് എതിർക്കുന്നവരെ കണ്ടം തുണ്ടമാക്കുമെന്നായിരുന്നു ഭീഷണി. മുകറത്തിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
പ്രസ്താവന വിവാദമായതോടെ ഇയാൾക്കെതിരെ ധാരാളം പരാതികളും പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 16നാണ് മുകറത്തിനെതിരെ കേസെടുക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോയി. കൽബുർഗി ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കെയാണ് കർണാടക പോലീസ് മുകറത്തിനെ അറസ്റ്റ് ചെയ്യുന്നത്. ഹൈദരാബാദിൽ ഒളിവിൽ കഴിയുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 153(എ), 298, 295 എന്നീ വകുപ്പുകൾ പ്രകാരമാണ് മുകറത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കർണാടകയിലെ ഹിജാബ് വിവാദത്തിന് പിന്നാലെയായിരുന്നു ഇയാൾ വീരവാദം മുഴക്കിയത്. ‘ ഞങ്ങൾ ജനിച്ചതും വളർന്നതും ഇവിടെയാണ്. ഇനി അവസാനം വരെ ജീവിക്കാൻ പോകുന്നതും ഇന്ത്യയിൽ തന്നെയായിരിക്കും. വിദ്യാർത്ഥികളെ ഹിജാബ് ധരിക്കുന്നതിൽ നിന്നും ആരെങ്കിലും വിലക്കിയാൽ അവരെ കണ്ടംതുണ്ടമാക്കിയിരിക്കും. ഞങ്ങളുടെ മതത്തെ ഒരിക്കലും വേദനിപ്പിക്കരുത്. എല്ലാ മതങ്ങളും തുല്യമാണ്. ഒരു മതത്തിന് നേരെയും അനീതി ഉണ്ടാകരുത്. നിങ്ങൾ ഇഷ്ടമുള്ളത് ധരിക്കൂ. ആരാണ് നിങ്ങളെ തടയാൻ പോകുന്നത്. ഇത്തരം കാര്യങ്ങളോട് ഞങ്ങൾ ഒരിക്കലും ക്ഷമിക്കാൻ പോകുന്നില്ലെന്നും’ മുകറം പറഞ്ഞിരുന്നു.
Comments