ബീജിങ്: ചൈനയിലെ വടക്കുകിഴക്കൻ നഗരമായ ചാങ്ചൂനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.ആയിരത്തിലധികം കൊറോണ കേസുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നഗരത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. നഗരത്തിലേക്കുള്ള വാഹനഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.
ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് ഘട്ട കൊറോണ ടെസ്റ്റിന് വിധേയരാകണമെന്നും അധികൃതർ നിർദേശിച്ചു.പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
90 ലക്ഷത്തോളം ജനസംഖ്യയുള്ള നഗരമാണ് ചാങ്ചുൻ.ഈയാഴ്ച ചൈനയിലെ പല പ്രദേശങ്ങളിലും 1000ത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ പുതുതായി രാജ്യവ്യാപകമായി 397 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 98 കേസുകളും ചാങ്ചുൻ ഉൾപ്പെടുന്ന ജിലിൻ പ്രവിശ്യയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.
ജിലിൻ പ്രദേശത്ത് ഭാഗികമായി ലോക്ഡൗൺ ഏർപ്പെടുത്താനും മറ്റ് നഗരങ്ങളുമായുള്ള യാത്രാ ബന്ധം വിച്ഛേദിക്കാനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
Comments