ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വിലയിരുത്താനും തുടർ നടപടിയ്ക്കുമായി കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയും രാജി സന്നദ്ധത അറിയിക്കുമെന്നാണ് സൂചന. നേരത്തെ അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞ രാഹുൽ ഗാന്ധി ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കാനും സാദ്ധ്യതയുണ്ട്.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ദയനീയമായ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നീക്കം. സോണിയ ഗാന്ധി രാജിവെയ്ക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് മുഖ്യവക്തവ് രൺദീപ് സിംഗ് സുർജേവാല അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മണിക്ക് ഡൽഹിയിലെ എഐസിസി ആസ്ഥാനത്താണ് യോഗം ചേരുക.
പ്രവർത്തക സമിതിയിൽ 51 അംഗങ്ങളാണുള്ളത്. ഇവരെല്ലാവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ചുമതല വഹിച്ച ജനറൽ സെക്രട്ടറിമാർ പരാജയത്തിന്റെ കാരണങ്ങൾ യോഗത്തിൽ വിശദീകരിക്കും. യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായേക്കും. പരാജയത്തിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കേണ്ടതുണ്ടോ എന്നതടക്കം യോഗത്തിൽ ചർച്ചയാകും.
ചർച്ചയ്ക്ക് ശേഷം മൂവരും രാജിസന്നദ്ധത അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം സംബന്ധിച്ച് ഡൽഹിയിൽ നിർണ്ണായക ചർച്ചകൾ പുരോഗമിക്കുകയാണ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വലിയ രീതിയിലെ വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ സെപ്തംബറിൽ നടത്താനിരുന്ന സംഘടനാ തിരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Comments