തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. ഓട്ടോ ഡ്രൈവറായ കുഴിമുക്ക് സ്വദേശി അരുൺ രാജിനെയാണ് ആറ്റിങ്ങൽ പോലീസ് മർദ്ദിച്ചെന്ന് പരാതി നൽകിയിരിക്കുന്നത്. ഇയാളുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തിൽ അരുൺ രാജ് ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകി.
സുഹൃത്തിന്റെ സഹോദരന്റെ മരണത്തിൽ പങ്കെടുത്ത് മടങ്ങവേ ആറ്റിങ്ങൽ ബാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയെന്നും അവിടെയുണ്ടായ അടിപിടിയുടെ പേരിൽ തന്നെയും പോലീസ് പിടികൂടുകയായിരുന്നുവെന്നും അരുൺ രാജ് പറയുന്നു. താൻ ഇതിൽ ഉൾപ്പെട്ട ആളല്ലെന്ന് പോലീസിനോട് ആവർത്തിച്ച് പറഞ്ഞിട്ടും തലയ്‌ക്കും കാലിനും ക്രൂരമായി മർദ്ദിച്ചതായും യുവാവ് പറയുന്നു.
എന്നാൽ, അരുൺ രാജിനെ മർദ്ദിച്ചിട്ടില്ലെന്നാണ് ആറ്റിങ്ങൽ എസ്‌ഐ രാഹുൽ പറയുന്നത്. ബാറിനുള്ളിലെ അടിപിടി കേസിലാണ് അരുണിനെ ഉൾപ്പെടെ 3 പേരെ പോലീസ് പിടികൂടിയത്. കേസെടുത്ത ശേഷം ജാമ്യത്തിൽ വിടുകയായിരുന്നുവെന്നും എസ്‌ഐ രാഹുൽ വ്യക്തമാക്കി.















