ന്യൂഡൽഹി: സോഷ്യൽ മീഡിയ ഉപയോഗിച്ച് ജനാധിപത്യത്തെ നിയന്ത്രിക്കാൻ ചലർ ശ്രമിക്കുന്നുവെന്ന് സോണിയ ഗാന്ധി. മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ട്വിറ്ററും പല വിദ്വേഷ പ്രചാരണങ്ങൾക്കും ഉപയോഗിക്കുകയാണ്. കേന്ദ്രസർക്കാർ ഇതിനെ പിന്തുണയ്ക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു. ലോക്സഭയിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രചാരണങ്ങൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തന്നെ തിരിച്ചടിയായതോടെയാണ് സോഷ്യൽ മീഡിയയെ പഴിചാരി സോണിയ ഗാന്ധി എത്തിയത്. രാജ്യത്തെ രാഷ്ട്രീയ വിഷയങ്ങളെ നിയന്ത്രിക്കുന്നതിനായി സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു. സോഷ്യൽമീഡിയയിൽ ഇത്തരമൊരു രീതിയുണ്ടാകുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല. യുവാക്കളുടേയും മുതിർന്നവരുടേയും മനസുകളിൽ വിദ്വേഷം നിറയ്ക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
വൈകാരികമായി ജനങ്ങളെ കൂടെ നിർത്തുന്ന കാര്യങ്ങളാണ് കേന്ദ്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. സോഷ്യൽ മീഡിയ കമ്പനികൾ എല്ലാ രാഷ്ട്രീയ പാർട്ടികളേയും ഒരുപോലെ അല്ല കാണുന്നത്. അവർ ആവശ്യമുള്ളവരെയാണ് പിന്തുണയ്ക്കുന്നത്. സമൂഹത്തിലെ മതസൗഹാർദത്തെ തകർക്കുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാറുണ്ട്. സോഷ്യൽ മീഡിയയുടെ രീതികൾ മാറ്റാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടണമെന്നും സോണിയ നിർദ്ദേശിച്ചു.
Comments