വാഷിംഗ്ടൺ; നെറ്റ്ഫ്ളിക്സ് അക്കൗണ്ട് പങ്കുവെയ്ക്കുന്ന വിരുതൻമാർക്ക് തടയിടാനൊരുങ്ങി കമ്പനി. സ്വന്തം വീട്ടിലുള്ളവരല്ലാത്തവരുമായി അക്കൗണ്ട് പങ്കിടുന്ന സബ്സ്ക്രൈബേഴ്സിൽ നിന്ന് ഫീസ് ഇടാക്കുന്നത് പരീക്ഷിക്കുകയാണെന്ന് നെറ്റ്ഫ്ളിക്സ് വ്യക്തമാക്കി.
ചിലി, കോസ്റ്റോറിക്ക പെറു എന്നീ രാജ്യങ്ങളിലെ സബ്സ്ക്രൈബർമാരിലാണ് കമ്പനി പരീക്ഷണം നടത്തുന്നത്. അക്കൗണ്ട് പങ്കുവെയ്ക്കുന്ന ആളുകളിൽ നിന്ന് രണ്ട് ഡോളർ മുതൽ മൂന്ന് ഡോളർ വരെയാണ് കമ്പനി ഈടാക്കുന്നത്. ഇങ്ങനെയുള്ള അക്കൗണ്ടുകളെ സബ് അക്കൗണ്ടുകളെന്നാണ് പറയുന്നത്.
നെറ്റ് ഫ്ളിക്സ് മറ്റൊരാൾ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ അക്കൗണ്ട് ഉടമയ്ക്കൊപ്പം താമസിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് നെറ്റ്ഫ്ളിക്സ് ഉപയോഗിക്കുന്നതിന് പുതിയ അക്കൗണ്ട് ആവശ്യമാണെന്ന സന്ദേശം ലഭിക്കുന്നതായാണ് വിവരം.
നിലവിൽ അക്കൗണ്ട് ഷെയർ ചെയ്യുന്നവർക്ക് അവരുടെ വ്യൂവിങ് ഹിസ്റ്ററി വിവരങ്ങൾ സബ് അക്കൗണ്ടുകളുമായി പങ്കുവെയ്ക്കാൻ സാധിക്കും. നെറ്റ് ഫ്ളിക്സ് അക്കൗണ്ട് സബ്സ്ക്രൈബ് ചെയ്താൽ പലരും മറ്റുള്ളവർക്ക് പങ്കുവെയ്ക്കുന്ന രീതി സാധാരണയാണ്.
ഒരു സമയം ഒരേ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കാണുന്നവരുടെ എണ്ണത്തിന് നെറ്റ്ഫ്ളിക്സ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അക്കൗണ്ട് പാസ് വേഡ് പങ്കുവെച്ച് നെറ്റ്ഫ്ളിക്സ് ഉപയോഗിക്കുന്നത് വ്യാപകമാണ്.ഇതിന് തടയിടാനാണ് കമ്പനി പുതിയ ഫീസ് ഏർപ്പെടുത്താൻ ഒരുങ്ങുന്നതെന്നാണ് വിവരം.
വാർത്ത പുറത്ത് വന്നതിന് പിന്നാലെ അക്കൗണ്ടുകൾ പങ്കു വെച്ച് കാണാൻ ഇനി റേഷൻ കാർഡ് കാണിക്കേണ്ടി വരുമോ എന്ന തരത്തിലുള്ള ട്രോളുകളുമായി മലയാളികൾ രംഗത്തെത്തിയിട്ടുണ്ട്. വീട്ടിനകത്ത് താമസിക്കുന്നവരെ തിരിച്ചറിയുന്നതിനായി കമ്പനി ഇനി ബന്ധുത്വ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും ആവശ്യപ്പെടുമോ എന്ന തരത്തിലാണ് ട്രോളുകൾ.
Comments