വാഷിംഗ്ടൺ: കടന്നുകയറി പിടിച്ചെടുക്കുന്ന പ്രദേശത്തെ ലോകത്തിലെ മറ്റുള്ളവരിൽ നിന്നും രഹസ്യമായി മറച്ചുപിടിക്കുന്ന ചൈനയുടെ നയം അപകടകരമെന്ന് അമേരിക്ക. ടിബറ്റിൽ ചൈന നടത്തുന്ന വംശഹത്യയും മതപീഡനവും എടുത്തുപറഞ്ഞാണ് അമേരിക്കയുടെ രൂക്ഷ വിമർശനം. ടിബറ്റിലെ ബുദ്ധ സംസ്‌കാരങ്ങളും വിഹാരങ്ങളും പ്രതിമകളും നീക്കം ചെയ്യുന്ന സംഭവങ്ങൾ തുടരുന്നതിനിടെയാണ് അമേരിക്കയുടെ വിമർശനം.
ചൈനയുടേത് കൃത്യമായ ആസൂത്രണങ്ങളോടെയുള്ള നീക്കമാണ്. അതിന്റെ ഭാഗമാണ് ടിബറ്റിൽ എന്തുനടക്കുന്നു എന്നത് ലോകമറിയാതിരിക്കാനുള്ള ശ്രമം. ഇതെല്ലാം ആസൂത്രിതമാണ്. . ലോകരാഷ്‌ട്രങ്ങളുടെ പ്രതിനിധികൾ, മാദ്ധ്യമപ്രവർത്തകർ, വിനോദസഞ്ചാരികൾ എന്നിവരെ ടിബറ്റിലേക്ക് ചൈന പ്രവേശിപ്പിക്കുന്നില്ല. ടിബറ്റിലെ ജനതയേയും ലോകത്തെ മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെടാനും ചൈന സമ്മതിക്കുന്നില്ല. ടിബറ്റിന് മേലുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ചൈനീസ് ഉദ്യോഗസ്ഥർക്ക് വിലക്ക് ഏർപ്പെടുത്തിയത് തുടർന്നുകൊണ്ടുള്ള പ്രസ്താവനയിലാണ് അമേരിക്ക അവസ്ഥ വിശദീകരിച്ചത്.
കൊറോണ വ്യാപനത്തിന്റെ പേരിൽ ചൈനയെ ഉപരോധിച്ച അമേരിക്കയോടുള്ള പ്രതികാരം ചൈന പലതരത്തിലാണ് തീർക്കുന്നത്. ചൈനയുടെ എംബസി പൂട്ടിച്ചതിന് ബദലായി ചൈന ടിബറ്റിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാറുള്ള സിചുവാൻ പ്രവിശ്യയിലെ അമേരിക്കൻ എംബസി അടച്ചുപൂട്ടി. പരസ്പരം ഇരു രാജ്യങ്ങളും എംബസി ഉദ്യോഗസ്ഥന്മാർ ചാരപ്പണി നടത്തുന്നുവെന്നാണ് ആരോപിച്ചത്. സിൻജിയാംഗ് മേഖലയിലെ ചൈനയുടെ ക്രൂരതകളും ലോകത്തിന് മുന്നിൽ വരാതിരിക്കാൻ ചൈന ഒരു വിദേശിയേയും മേഖലയിലേക്ക് പ്രവേശിപ്പിക്കുന്നില്ല.
Comments