കൊച്ചി: കൊതിച്ചുപോയ കന്നി ഐഎസ്എൽ കിരീടം അവസാന നിമിഷം കൈവിട്ടുപോയെങ്കിലും ബ്ലാസ്റ്റേഴ്സിനെ ആശ്വസിപ്പിച്ചും പ്രോത്സാഹിപ്പിച്ചും നടനും എംപിയുമായ സുരേഷ് ഗോപി. മത്സരം അവസാനിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചത്.
തോൽവിയെ ദൗർഭാഗ്യമെന്ന് പറഞ്ഞ സുരേഷ് ഗോപി ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നൽകിയ ഊർജവും വിനോദവും പ്രത്യേകമായി നിലനിൽക്കുമെന്നും കുറിച്ചു. നല്ല കളി, വലിയ വെല്ലുവിളി കാത്തിരിക്കുന്നു, ആവേശം നിലനിർത്തുക എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നും യെല്ലോ, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് താരം ടീമിനുളള സന്ദേശം ട്വിറ്ററിലും ഫേസ്ബുക്കിലും ഉൾപ്പെടെ പോസ്റ്റ് ചെയ്തത്. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലേക്ക് ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.
ബ്ലാസ്റ്റേഴ്സിന് വിജയാശംസ നേർന്ന് മമ്മൂട്ടിയും മോഹൻ ലാലും ഉൾപ്പെടെ മലയാള സിനിമയിലെ മിക്ക താരങ്ങളും രംഗത്തെത്തിയിരുന്നു. കൈയ്യെത്തും ദൂരത്ത് കന്നി കിരീടം നഷ്ടമായതിന്റെ വേദനയിലാണ് ടീമിന്റെ ആരാധകർ. എന്നാൽ ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഏറെ മികവുറ്റതായിരുന്നുവെന്ന അഭിപ്രായമാണുയരുന്നത്. അതുകൊണ്ടു തന്നെ തോൽവിയിലും ടീമിനെ ഇവർ ഹൃദയത്തിലേറ്റുകയാണ്.
Comments