തൃശ്ശൂർ: ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിയ കൊമ്പൻ കോഴികളെ കണ്ട് ഭയന്നു. കൊമ്പൻ ചിറ്റേപ്പുറത്ത് ശ്രീകുട്ടനാണ് കോഴികളെ കണ്ട് ഭയന്നത്. പഴയന്നൂർ ക്ഷേത്രത്തിലെ രണ്ടാം ഉത്സവ ദിനമായ ഇന്നലെ രാവിലെ നടന്ന കാഴ്ചശീവേലിക്കിടെയാണ് കൊമ്പൻ കോഴികളെ കണ്ട് വിരണ്ടത്.
ക്ഷേത്ര പ്രദക്ഷിണത്തിനിടെ പൂവൻ കോഴികൾ കൂട്ടത്തോടെ ആനകൾക്കിടയിലൂടെ ചിക്കി നടക്കുന്നുണ്ടായിരുന്നു. ഇവ കൂട്ടത്തോടെ അടുത്തെത്തുമ്പോൾ, കൊമ്പൻ ശ്രീകുട്ടൻ ഭയന്ന് അസ്വസ്ഥത പ്രകടിപ്പിച്ചു. ഭയപ്പെട്ട ആനയുടെ കാട്ടായങ്ങൾ കണ്ട് ജനങ്ങളും വിരണ്ടു.
പലകുറി ആനയുടെ പ്രകടനങ്ങൾ ആവർത്തിച്ചതോടെ തിടമ്പിറക്കി ആനയെ ലോറിയിൽ കയറ്റി മടക്കി വിടുകയായിരുന്നു. ഭഗവതിയുടെയും പള്ളിപ്പുറത്തപ്പന്റെയും തിടമ്പേറ്റിയ രണ്ട് ആനകളായിരുന്നു ശീവേലിയ്ക്കായി അണിനിരന്നിരുന്നത്.
കോഴിയുടെ രൂപത്തിൽ ഭഗവതി എത്തിയതിനാൽ പൂവൻകോഴിയെ നടയ്ക്കൽ പറത്തുന്നതും കോഴിയെ ഊട്ടുന്നതുമാണ് പഴയന്നൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. കോഴി അമ്പലം എന്നും ഭക്തർ ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാറുണ്ട്. അഞ്ഞൂറോളം കോഴികൾ ക്ഷേത്രത്തിലും പരിസരത്തുമായി കാണാൻ സാധിക്കും.
Comments