ലണ്ടൺ ; വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെ വിവാഹിതനാകുന്നു. ലണ്ടനിലെ അതീവ സുരക്ഷാ ജയിലിനുള്ളിൽ വെച്ച് തന്റെ കാമുകിയും അഭിഭാഷകയുമായി സ്റ്റെല്ല മോറിസുമായാണ് വിവാഹം. രണ്ട് സാക്ഷികൾ ഉൾപ്പെടെ നാല് പേർ മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുക. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകും.
ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നിന്ന് വലിച്ചിഴച്ചുകൊണ്ട് അസാഞ്ചെയെ അറസ്റ്റ് ചെയ്ത് മൂന്ന് വർഷം പിന്നിടുമ്പോഴാണ് വിവാഹം നടക്കുന്നത്. വിവാഹ വേളയിൽ അസാഞ്ചെയുടെ ആരാധകർ ജയിലിന് പുറത്ത് ഒത്തുകൂടുമെന്ന റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്. കമിതാക്കൾക്ക് ജയിലിനുള്ളിൽ വെച്ച് വിവാഹം കഴിക്കാൻ അനുമതി നൽകിയതായി അധികൃതർ അറിയിച്ചു.
പ്രശസ്ത ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ വിവിനെ വെസ്റ്റ് വുഡാണ് ഇരുവരുടെയും വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത്. വിവാഹത്തിന് ശേഷം സ്റ്റെല്ല മോറിസ് കേക്ക് മുറിക്കുകയും പങ്കാളിയെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കൻ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയതിനാണ് അസാഞ്ചെയ്ക്കെതിരെ അമേരിക്ക ചാരവൃത്തി കുറ്റം ചുമത്തി കേസെടുത്തത്. തുടർന്ന് 2012 ൽ ഇദ്ദേഹം ഇക്വഡോർ എംബസിയിൽ അഭയം തേടി. ഇതിനിടെയാണ് ഇയാൾ സ്റ്റെല്ലയുമായി പ്രണയത്തിലായത്. ആ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്.
Comments