ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാല് മണിക്കാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ഒരിക്കൽ കൂടി മുഖ്യമന്ത്രിയായി അധികാരത്തിലേറുക. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർ പങ്കെടുക്കും.
ലക്നൗവിലെ ഭാരതരത്ന അടൽ ബിഹാരി വാജ്പേയ് ഏകാന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിയ്ക്ക് പുറമേ മന്ത്രിസഭയിലെ നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രിയ്ക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും. സംസ്ഥാന നേതാക്കളും പാർട്ടി പ്രവർത്തകരും ചടങ്ങിൽ പങ്കുകൊള്ളും. ദി കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരാകും. ബോളിവുഡ് താരം കങ്കണയും ചടങ്ങിൽ പങ്കെടുക്കും.
രാജ്യത്തെ പ്രമുഖ വ്യവസായികളായ എൻ ചന്ദ്രശേഖരൻ (ടാറ്റാ ഗ്രൂപ്പ്), മുകേഷ് അംബാനി (റിലയൻസ് ഗ്രൂപ്പ്), കുമാർ മംഗളം ബിർള (ആദിത്യ ബിർള ഗ്രൂപ്പ്), ഗൗതം അദാനി (അദാനി ഗ്രൂപ്പ്), ആനന്ദ് മഹീന്ദ്ര (മഹീന്ദ്ര ഗ്രൂപ്പ്), ദർശൻ ഹിരാ നന്ദാനി (ഹിരാനന്ദാനി ഗ്രൂപ്പ്), യൂസഫ് അലി (ലുലു ഗ്രൂപ്പ്), സുധീർ മേത്ത (ടോറന്റ് ഗ്രൂപ്പ്), സവ്യവസായികളായ സഞ്ജീവ് ഗോയങ്ക (ഗോയങ്ക ഗ്രൂപ്പ്), അഭിനന്ദ് ലോധ (ലോധ ഗ്രൂപ്പ്) എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Comments