അഹമ്മദാബാദ് : വിവേക് അഗ്നിഹോത്രി ചിത്രം നികുതി രഹിതമാക്കാൻ വിസമ്മതിയ്ക്കുകയും, സിനിമയ്ക്കെതിരെ വിവാദ പരാമർശം ഉന്നയിക്കുകയും ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. കെജ്രിവാളിനെതിരെ ഗുജറാത്തിന്റെ വിവിധയിടങ്ങളിലായി ബിജെപി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. നിയമസഭയിലായിരുന്നു അരവിന്ദ് കെജ്രിവാൾ സിനിമയ്ക്കെതിരെ വിവാദ പരാമർശം ഉന്നയിച്ചത്.
സിനിമ നികുതി രഹിതമാക്കണമെന്ന് ബിജെപി നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണം ആയിരുന്നു കെജ്രിവാളിന്റെ പരാമർശം. സിനിമ നികുതി രഹിതമാക്കാൻ കഴിയില്ലെന്നും, അങ്ങിനെ വേണമെങ്കിൽ സിനിമ സംവിധായകൻ യൂട്യൂബിൽ പ്രദർശിപ്പിച്ചാൽ പോരെ എന്നുമായിരുന്നു കെജ്രിവാളിന്റെ പരാമർശം. സിനിമയുടെ സ്വീകാര്യത കണക്കിലെടുത്ത് നിരവധി സംസ്ഥാനങ്ങൾ സിനിമ നികുതി രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി നിയമസഭയിൽ ആവശ്യം മുന്നോട്ടുവെച്ചത്.
അഹമ്മദാബാദ്, കച്ച്, വൽസാദ് എന്നിവിടങ്ങളിൽ ആയിരുന്നു ബിജെപി ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. സിനിമയെ എതിർത്ത കെജ്രിവാൾ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ നിന്നും തുടച്ചു നീക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകൾക്ക് ഒപ്പമാണോ, അതോ ഭീകരർക്ക് ഒപ്പമാണോ കെജ്രിവാൾ നിലകൊള്ളുന്നതെന്ന് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Comments