ലൗ ജിഹാദിന്റെ പേരില്‍ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് മുസ്ലീം പെണ്‍കുട്ടികളാണെന്ന് മുന്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഡോ.എസ്.വൈ.ഖുറേഷി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഖുറേഷിയുടെ പരാമര്‍ശം. ‘ ഞാനും എന്റെ ഭാര്യയും തമ്മില്‍ ലൗജിഹാദ് ഉണ്ട്. എന്റെ വീട്ടിനുള്ളില്‍ എന്റെ പെണ്മക്കളും ലൗജിഹാദ് ചെയ്യുന്നു. പ്രേമത്തിന് നിയന്ത്രണങ്ങളില്ല. യഥാര്‍ത്ഥത്തില്‍ ലൗജിഹാദ് എന്നൊരു സംഭവമേ ഇല്ല. ഇതിന്റെ പേരില്‍ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് മുസ്ലീം പെണ്‍കുട്ടികളാണ്. വിദ്യാഭ്യാസമുള്ള മുസ്ലീം ആണ്‍കുട്ടികളെ വിദ്യാഭ്യാസമുള്ള ഹിന്ദു പെണ്‍കുട്ടികള്‍ അടിച്ചുമാറ്റുകയാണ്. ഇതിനെ മുസ്ലീം സ്ത്രീകളുടെ പക്ഷത്ത് നിന്ന് ഒരാളും നോക്കിക്കാണുന്നില്ലെന്നും’ ഖുറേഷി ആരോപിച്ചു.
ഹിജാബ് ധരിക്കണമെന്ന നിര്‍ദ്ദേശം ഖുറാനില്‍ എവിടേയും കര്‍ശനമായി പറയുന്നില്ലെന്നും ഖുറേഷി പറയുന്നു. ‘ ഹിജാബ് ധരിക്കണമെന്ന് ഖുറാന് കല്‍പ്പിക്കുന്നില്ല. പക്ഷേ സ്ത്രീകളും പുരുഷന്മാരും മാന്യമായി വസ്ത്രധാരണം നടത്തണം. സിഖ് തലപ്പാവും, സിന്ദൂരം ധരിക്കുന്നതുമെല്ലാം സ്കൂള്‍ യൂണിഫോമില്‍ അനുവദനീയമാണ്. പിന്നെ ഹിജാബിന് മാത്രമായിട്ട് എന്താണ് പ്രശ്നം. ഹിജാബിന്റെ കാര്യത്തില്‍ ജഡ്ജി അല്ല, മൗലാനയാണ് തീരുമാനം എടുക്കേണ്ടത്. ഐപിസി തീരുമാനങ്ങള്‍ മൗലാന എടുക്കാന്‍ തുടങ്ങിയാല്‍ അത് അനുവദിക്കാന്‍ പറ്റുമോ?’
”കുടുംബാസൂത്രണം എന്ന ആശയത്തിന് തുടക്കമിട്ടത് ഇസ്ലാമാണ്. ഇന്ത്യയിലെ ഇസ്ലാമിനിടയില്‍ ബഹുഭാര്യത്വം നിലനില്ക്കുന്നു എന്നത് തെറ്റായ പ്രചാരണമാണ്. ബംഗ്ലാദേശ്, ഇറാന്, ഇന്തോനേഷ്യ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ കുടുംബാസൂത്രണത്തില്‍ ഇന്ത്യയെക്കാള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. മുസ്ലീം ജനസംഖ്യ വര്‍ധിച്ച് വരികയാണെന്ന പ്രചാരണവും തെറ്റാണ്. കുടുംബാസൂത്രണം മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നത് ഇസ്ലാമാണ്. മതത്തിന് കുടുംബാസൂത്രണം വച്ച് ഒന്നും ചെയ്യാനില്ലെന്നും’ ഖുറേഷി പറയുന്നു.
Comments