കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന സമാധാന ചർച്ചകൾക്ക് പിന്നാലെ ചെൽസിയുടെ ഫുട്ബോൾ ക്ലബ്ബ് ഉടമയും റഷ്യൻ ശതകോടീശ്വരനുമായ റോമൻ അബ്രമോവിച്ചിന് വിഷബാധയേറ്റതായി റിപ്പോർട്ട്. കണ്ണുകൾ ചുവന്ന് കടുത്ത വേദന, മുഖത്തേയും കൈകളിലേയും തൊലിയിളകുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചയിൽ അബ്രമോവിച്ച് പങ്കെടുത്തിരുന്നു.
സമാധാന ചർച്ചയിൽ പങ്കെടുത്ത റഷ്യയുടെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കും വിഷബാധയേറ്റ ലക്ഷണങ്ങളുള്ളതായി വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് മൂന്നിന് രാത്രി 10 മണി വരെ അബ്രമോച്ച് ചർച്ചകളിൽ പങ്കെടുത്തിരുന്നു. സമാധാന ചർച്ചയ്ക്ക് ശേഷം രാത്രി കീവിലെ ഹോട്ടലിലാണ് അബ്രമോവിച്ചും മറ്റ് രണ്ട് പേരും താമസിച്ചത്.
പിറ്റേന്ന് രാവിലെ ഉറക്കമുണരുമ്പോൾ ഇവരുടെ കണ്ണുകൾ ചുവന്ന് കടുത്ത വേദന അനുഭവപ്പെട്ടതായും കൈകളിലേയും ശരീരത്തേയും തൊലിയിളകിയതായും റിപ്പോർട്ടുകൾ പറയുന്നു. രാസായുധങ്ങളിലൂടെയാണ് ഇവർക്ക് വിഷബാധയേറ്റതെന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്ത് നിന്നും വിശദീകരണം ഒന്നും വന്നിട്ടില്ല.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അടുത്ത അനുയായിയാണ് അബ്രമോവിച്ച്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അബ്രമോവിച്ചിന്റെ അക്കൗണ്ടുകളും യുകെ മരവിപ്പിച്ചിരുന്നു. സമാധാന ചർച്ചയ്ക്ക് മുന്നിട്ടിറങ്ങിയ അബ്രമോച്ചിനെ കീവിൽ അപായപ്പെടുത്താൻ ശ്രമം നടന്നതായും റിപ്പോർട്ടുണ്ട്. അതേസമയം യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്നും തമ്മിലുള്ള ചർച്ച് ഇന്ന് തുർക്കിയിൽ നടക്കും. ഇരുരാജ്യങ്ങളിലേയും പ്രതിനിധികൾ ഇസ്താംബൂളിൽ എത്തിയിട്ടുണ്ട്.
Comments