ബംഗളൂരു: വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ച അദ്ധ്യാപകർക്ക് സസ്‌പെൻഷൻ. ഏഴ് അദ്ധ്യാപകർക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. ശ്രീരാമ സേനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കർണാടകയിലെ ഗദഗ് ജില്ലയിലാണ് സംഭവം.
ഗദഗിലെ സിഎസ് പാട്ടീൽ ബോയ്‌സ് ഹൈസ്‌കൂളിലും സിഎസ് ഗേൾസ് ഹൈസ്‌കൂളിലുമാണ് വിദ്യാർത്ഥികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചത്. രണ്ട് സെന്ററിലേയും സൂപ്രണ്ടുമാരെ അടക്കം ഏഴ് പേരെ സസ്‌പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. പരീക്ഷ എഴുതാൻ യൂണിഫോം നിർബന്ധമാണ്. ഇത് മറികടന്നാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചത്.
കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് സ്‌കൂളുകളിൽ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹർജികളും തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിൽ വരുന്നതല്ലെന്ന് വ്യക്തമാക്കിയാണ് ഹർജികൾ തള്ളിയത്.















