ന്യൂഡൽഹി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട,ഇടത്തരം സംരംഭങ്ങളെ(എംഎസ്എംഇ) കൈപിടിച്ചുയർത്താൻ കേന്ദ്രസർക്കാർ. ഇതിനായുളള ലോകബാങ്ക് സഹായ പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പദ്ധതിക്കായി 6,062.45 കോടി രൂപയാണ് അനുവദിച്ചത്. റാംപ് (റെയ്‌സിംഗ് ആൻഡ് ആക്‌സിലറേറ്റിംഗ് എംഎസ്എംഇ പെർഫോമൻസ്- RAMP) എന്ന ചുരുക്കപ്പരിലുള്ള പുതിയ പദ്ധതി 2022-23 സാമ്പത്തിക വർഷത്തിൽ ആരംഭിക്കും.
പദ്ധതിയുടെ മൊത്തം അടങ്കൽ 6,062.45 കോടി രൂപ (808 ദശലക്ഷം യുഎസ് ഡോളർ) ആണ്. അതിൽ 3750 കോടി രൂപ (500 ദശലക്ഷം ഡോളർ) ലോകബാങ്കിൽ നിന്നുള്ള വായ്പയും ശേഷിക്കുന്ന 2312.45 കോടി രൂപ (308 ദശലക്ഷം യുഎസ് ഡോളർ) കേന്ദ്ര ഗവൺമെന്റിൽ നിന്നുള്ള ധനസഹായമായും നൽകും.
കൊറോണ പ്രതിരോധവും അതിജീവന ഇടപെടലുകളുമായി ബന്ധപ്പെട്ടു ലോകബാങ്കിന്റെ സഹായത്തോടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം(എംഒഎംഎസ്എംഇ) നടപ്പാക്കുന്ന കേന്ദ്രപദ്ധതിയാണ് റാംപ്. വിപണിയിലേക്കും വായ്പയിലേക്കും പ്രവേശനം വേഗത്തിലാക്കുക, കേന്ദ്രത്തിലും സംസ്ഥാനത്തും സ്ഥാപനങ്ങളെയും ഭരണനിർവഹണവും ശക്തിപ്പെടുത്തുക, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും പങ്കാളിത്തവും മെച്ചപ്പെടുത്തുക, പണം നൽകുന്നതിലെ കാലതാമസം, എംഎസ്എംഇകളുടെ ഹരിതവൽക്കരണം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
ശേഷി വർദ്ധിപ്പിക്കൽ, നൈപുണ്യ വികസനം, ഗുണനിലവാര സമ്പുഷ്ടീകരണം, സാങ്കേതിക നവീകരണം, ഡിജിറ്റൽവൽകരണം, വിപണന പ്രോൽസാഹനം തുടങ്ങിയ കാര്യങ്ങളിലെ പരിമിതികൾ മറികടക്കാനും എംഎസ്എംഇകളെ പദ്ധതി സഹായിക്കും. എംഎസ്എംകളുടെ സാന്നിധ്യം കുറവുള്ള സംസ്ഥാനങ്ങളിൽ, റാംപിനു കീഴിലുള്ളശക്തമായ ഇടപെടലിന്റെ ഫലമായി വൻതോതിൽ ഔപചാരികവൽക്കരണത്തിന് തുടക്കമിടും. ഈ സംസ്ഥാനങ്ങൾ വികസിപ്പിച്ച എസ്ഐപി (സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ ) കൾ മെച്ചപ്പെട്ട എംഎസ്എംഇ മേഖലയുടെ വികസനത്തിനുള്ള ഒരു റോഡ്മാപ്പായി പ്രവർത്തിക്കും.
സാങ്കേതിക വിദ്യ ലഭ്യമാക്കാനും നിർമിതബുദ്ധി, ഡാറ്റാ അനലിറ്റിക്സ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, മെഷീൻ ലേണിംഗ് തുടങ്ങിയവയിലൂടെ എംഎസ്എംകളുടെ ഡിജിറ്റൽ, സാങ്കേതിക പരിവർത്തനത്തിലൂടെ ഉയർന്ന നിലവാരമുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള അവസരവും ഇതിലൂടെ ലഭിക്കും.
വ്യവസായ നിലവാരം, സമ്പ്രദായങ്ങൾ എന്നിവയിൽ നവീകരണവും വർദ്ധനയും പരിപോഷിപ്പിക്കുന്നതിലൂടെയും എംഎസ്എംഇകളെ മത്സരപരവും സ്വയംപര്യാപ്തവുമാക്കുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനും ഇറക്കുമതിക്ക് പകരം വയ്‌ക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ സാങ്കേതിക പിന്തുണ നൽകി ആത്മ നിർഭർ ഭാരത് ദൗത്യത്തെയും റാംപ് സഹായിക്കും.















