തിരുവനന്തപുരം: ശുദ്ധജല ഉപയോഗത്തിന്റെ നിരക്കില്‍ ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യവസായ ഉപയോക്താക്കളെ വര്‍ധന ബാധിക്കും. ജൂണില്‍ ലഭിക്കുന്ന ബില്ലുകളിലാകും പുതുക്കിയ നിരക്കുകള്‍ വരുന്നത്. കേരളത്തില്‍ 35 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കളാണുള്ളത്. ഇതില്‍ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവര്‍ക്കുള്ള സൗജന്യം തുടരും. പ്രതിമാസം 15,000 ലിറ്റര്‍ വരെയാണ് സൗജന്യമായി ലഭിക്കുന്നത്. പ്രതിമാസം 1000 ലിറ്റര്‍ ഉപയോഗിക്കാന്‍ ഇപ്പോഴുള്ള നിരക്ക് 4.20 രൂപയാണ്. ഇത് 4.41 രൂപയാകും. 1001-5000 ലിറ്റര്‍ വരെയുള്ള ഉപയോഗത്തിനുള്ള മിനിമം നിരക്ക് 21ല്‍ നിന്ന് 22.05 രൂപയാകും.
അതേപോലെ സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും നാളെ മുതലാണ് ഈടാക്കി തുടങ്ങുന്നത്. പഴയ വാഹനങ്ങള്‍ക്ക് നിലവില്‍ ഈടാക്കുന്ന ഹരിത നികുതിയിലെ വര്‍ധനയും നാളെ പ്രാബല്യത്തില്‍ വരും. 15 വര്‍ഷം കഴിഞ്ഞ 4 ചക്രമോ അതിലേറെയോ ഉള്ള സ്വകാര്യ വാഹനങ്ങള്‍, തുടര്‍ന്നുള്ള ഓരോ 5 വര്‍ഷത്തിലൊരിക്കലും 600 രൂപ അടയ്‌ക്കണം. രജിസ്‌ട്രേഷന്‍ പുതുക്കാന്‍ എത്തുമ്പോഴാണ് ഈ തുക അടയ്‌ക്കേണ്ടത്. 10 വര്‍ഷം കഴിഞ്ഞ ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓരോ വര്‍ഷവും ഫിറ്റ്‌നസ് പുതുക്കുമ്പോള്‍ 200 രൂപ വീതവും 15 വര്‍ഷം കഴിഞ്ഞവയ്‌ക്ക് 300 രൂപ വീതവും അടയ്‌ക്കണം. 10 വര്‍ഷം കഴിഞ്ഞ മീഡിയം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓരോ വര്‍ഷവും ഫിറ്റ്‌നസ് പുതുക്കുമ്പോള്‍ 300 രൂപ വീതവും 15 വര്‍ഷം കഴിഞ്ഞാല്‍ 450 രൂപ വീതവും അടക്കണം.
വാഹന രജിസ്‌ട്രേഷനും ഫിറ്റ്‌നസിനും നാളെ മുതല്‍ വന്‍ വര്‍ധനയാണ് പ്രാബല്യത്തില്‍ വരുന്നത്. 2 വീലര്‍-1000 രൂപ (300), 3 വീലര്‍-2500 രൂപ (600), കാര്‍-5000 രൂപ (600), ഇറക്കുമതി 2 വീലര്‍-10,000 രൂപ (2500), ഇറക്കുമതി കാര്‍- 40,000 രൂപ (5000) മറ്റ് വാഹനങ്ങള്‍-6000 രൂപ (3000) എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ തുകയില്‍ വന്ന വര്‍ധന. ഫിറ്റ്‌നസ് പരിശോധനയ്‌ക്ക് 2 വീലര്‍- 1,400 രൂപ (400), 3 വീലര്‍- 4,300 രൂപ (400), കാര്‍- 8,300 രൂപ (600), ഹെവി-13,500 രൂപ (800) എന്നിങ്ങനെയാണ് വര്‍ധിക്കാന്‍ പോകുന്നത്.















