കണ്ണൂർ: കരിവെള്ളൂർ സ്വദേശി ആരതിയാണ് ഇപ്പോൾ നാട്ടിലെ താരമായിരിക്കുന്നത്. യാത്രക്കിടെ ബസിൽവെച്ച് മോശമായി പെരുമാറിയ മദ്ധ്യവയസ്കനെ ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ചാണ് ആരതി താരമായത്. കഴിഞ്ഞ ദിവസം കരിവെള്ളൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം ഉണ്ടാകുന്നത്. സംഭവത്തിൽ പ്രതിയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബസിൽ നിന്നും ഇറങ്ങിയോടിയ അക്രമിയെ കാഞ്ഞങ്ങാട് ടൗണിലൂടെ ഓടിച്ചിട്ട് പിടിച്ചാണ് ആരതി പോലീസിൽ ഏൽപ്പിക്കുന്നത്. മാണിയാട്ട് സ്വദേശി രാജീവനെ പോലീസ് അറസ്റ്റ് ചെയതു. സ്വകാര്യബസ് പണിമുടക്കായതിനാൽ നല്ല തിരക്കായിരുന്നു. നീലേശ്വരത്ത് എത്തിയപ്പോൾ രാജീവൻ ആരതിയെ ശല്യം ചെയ്യുകയായിരുന്നു. പലവട്ടം മാറിനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും രാജീവൻ അത് അനുസരിച്ചില്ല.
ബസിലുള്ള മറ്റാരും പ്രതികരിച്ചതുമില്ല. ഉപദ്രവം തുടർന്നതോടെ പിങ്ക് പോലീസിനെ വിളിക്കാനായി ഫോണെടുത്തു. അപ്പോഴേക്കും അയാൾ ബസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് പിന്നാലെ ചെന്ന് ആരതി പിടികൂടുകയും ചെയ്തു. പോലീസിൽ പരാതി നൽകാനായി രാജീവിന്റെ ഫോട്ടോയും ആരതിയെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ സംഭവത്തെ കുറിച്ച് ആരതി പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
Comments