ഹാമിൽട്ടൻ: ഷാർജ സ്റ്റേഡിയത്തിൽ 24 വർഷം മുമ്പ് സച്ചിൻ സഥാപിച്ച റെക്കാർഡ് ഇനി പഴങ്കഥ. 1998 ഏപ്രിലിൽ 24ന് സച്ചിന്റെ 25ാം പിറന്നാൾ ദിനത്തിലാണ് ആ റെക്കോർഡ് പിറന്നത്. ജന്മദിനത്തിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ. ഓസ്‌ത്രേലിയയ്‌ക്കെതിരെ ആണ് മാസ്റ്റർ ബ്ലാസ്റ്ററുടെ തകർപ്പൻ പ്രകടനത്തിന് ഷാർജ സാക്ഷ്യം വഹിച്ചത്.
ഫൈനലിൽ 134 റൺസ് നേടിയ സച്ചിൻ ഇന്ത്യൻ ടീമിന് കിരീടവും നേടി കൊടുത്തു. ക്രിക്കറ്റ് ആരാധകർ ഹൃദയത്തിൽ ഏറ്റുവാങ്ങിയ സച്ചിന്റെ ആ മാസ്മരിക പ്രകടനം ഇന്നും മായാത്ത ഓർമ്മകളായി ഇന്ത്യക്കാരന്റെ മനസ്സിൽ അവശേഷിക്കുന്നു. ഈ റെക്കോർഡാണ് കിവീസ് നായകൻ ടോം ലാത്തം മറികടന്നത്. ലാത്തത്തിന്റെ പ്രകടനവും ഏപ്രിൽ മാസത്തിലാണെന്നത് മറ്റൊരു യാദൃശ്ചികത.
ഹാമിൽട്ടണിൽ നെതർലാന്റ്‌സിനെതിരായ മത്സരത്തിലാണ് ലാത്തത്തിന്റെ പ്രകടനം. 123 പന്തുകളിൽ നിന്ന് ലാത്തം 140 റൺസ് നേടി നോട്ടൗട്ടായാണ് റെക്കോർഡിട്ടത്. കളി കിവീസ് 118 റൺസിന് ജയിച്ചു. ഇതോടെ പരമ്പര 2-0ന് ന്യൂസിലാൻ് മുന്നിലെത്തി. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ലാത്തം ജന്മദിനത്തിൽ കാഴ്‌ച്ചവച്ചത്. 10 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും അടങ്ങുന്നതാണ് ഇന്നിങ്‌സ്. 2011ൽ റോസ് ടെയ്‌ലർ നേടിയ 131 റൺസായിരുന്നു ഒരു കിവീസ് താരത്തിന്റെ ജന്മദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ. 2008ൽ ശ്രീലങ്കയുടെ സനത് ജയസൂര്യ(130), 1993ൽ ഇന്ത്യയുടെ വിനോദ് കാംബ്ലി(100) എന്നിവരാണ് ജന്മദിനത്തിൽ സെഞ്ച്വറി തികച്ച മറ്റ് ബാറ്റർമാർ.















