മുംബൈ: ജോസ് ബട്ട്ലർ തകർത്താടിയ മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി രാജസ്ഥാൻ റെയൽസ് രണ്ടാം ജയം ആഘോഷിച്ചു. ആദ്യം ബാറ്റ് ചെയ്ത റോയൽസ് ഓപ്പണർ ജോസ് ബട്ട്ലറുടെ സെഞ്ച്വറിയുടെ മികവിൽ മികച്ച സ്കോർ പടുത്തുയർത്തി. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്.
ബട്ട്ലറിന്റെ സെഞ്ച്വറിയാണ് ഇന്നിങ്സിന്റെ സവിശേഷത. ബട്ട്ലർ 68 പന്തിൽ 11 ഫോറും അഞ്ച് സിക്സറുകളും അടിച്ചാണ് സെഞ്ച്വറി തികച്ചത്. സെഞ്ച്വറി തികച്ചയുടനെ ബട്ട്ലറെ ജസ്പ്രീത് ബൂംറ ക്ലീൻ ബൗൾഡാക്കി. ക്യാപ്റ്റൻ സഞ്ജു സാംസൺ 30 റൺസിന് പുറത്തായി. 21 പന്തിൽ നിന്ന് മൂന്ന് സിക്സറും ഒരു ബൗണ്ടറിയും നേടിയാണ് മലയാളി താരം മടങ്ങിയത്. മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കലിന്(7) തിളങ്ങാനായില്ല.
വിൻഡീസ് താരം ഷിമ്റോൺ ഹെറ്റ്മെയർ(35) മാത്രമാണ് രാജസ്ഥാൻ നിരയിൽ സഞ്ജുവിനെ കൂടാതെ രണ്ടക്കം കടന്നത്. പിന്നീട് വന്നവർക്കൊന്നും ക്രീസിൽ പിടിച്ചു നിൽക്കാനായില്ല. അതിനാൽ ടീമിന് എതിരാളികൾക്ക് മേൽ 200 റൺസിലധികം വിജയലക്ഷ്യം ഉയർത്താനായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ക്യാപ്റ്റൻ രോഹിത്ശർമ്മയുടെ വിക്കറ്റ് തുടക്കത്തിൽ നഷ്ടമായി. 10 റൺസെടുത്ത ശർമ്മ പുറത്താകുമ്പോൾ 15 റൺസ് മാത്രമായിരുന്നു സ്കോർബോർഡിൽ. ഓപ്പണർ ഇഷാൻ കിഷൻ(54) ടീമിനെ മുന്നോട്ട് കൊണ്ടുപായി. എന്നാൽ ഇഷാന്റെ പുറത്താകൽ മുംബൈയ്ക്ക് വലിയ തിരിച്ചടിയായി.
തിലക് വർമ്മ(61) യുടെ വെടിക്കെട്ട് പ്രകടനം ടീമിനെ വിജയത്തിലെത്തിക്കും എന്ന് തോന്നിച്ചെങ്കിലും മറ്റുളളവർക്ക് സ്കോർബോർഡ് വേഗത്തിൽ ചലിപ്പിക്കാനായില്ല. 33 പന്തിൽ നിന്ന് അഞ്ച് സിക്സറും മൂന്ന് ബൗണ്ടറിയും നേടിയ തിലകിനെ അശ്വിൻ ക്ലീൻ ബൗൾഡാക്കി.
കീരോൺ പൊളളാർഡ്(22) പവലിയനിലേക്ക് മടങ്ങിയതോടെ മുംബൈയുടെ തകർച്ച പൂർത്തിയായി. വിജയലക്ഷ്യത്തിൽ നിന്ന് 23 റൺസ് അകലെ വച്ച് മുംബൈയുടെ പോരാട്ടം അവസാനിച്ചു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് ആയിരുന്നു ടീമിന്റെ സമ്പാദ്യം. ഇതോടെ കളിച്ച രണ്ട് കളിയും ജയിച്ച രാജസ്ഥാൻ ഐപിഎല്ലിൽ ഒന്നാമത്തെത്തി. രണ്ട് കളിയും തോറ്റ മുംബൈയ്ക്ക് ഇതുവരെ പോയിന്റ് നേടാനായിട്ടില്ല. ജോസ് ബട്ട്ലറാണ് കളിയിലെ താരം.
Comments