കണ്ണൂർ: 23-ാം സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഉയരും. പൊതുസമ്മേളന നഗരിയിൽ വൈകീട്ട് 5ന് സ്വാഗതസംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി നയിക്കുന്ന കൊടിമര ജാഥയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് നയിക്കുന്ന പതാക ജാഥയും സമ്മേളന നഗരിയിൽ സംഗമിക്കും. പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി യോഗങ്ങളും നടക്കും.
വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പുറപ്പെട്ട പതാക ജാഥയ്‌ക്ക് രാവിലെ കണ്ണൂർ ജില്ലാ അതിർത്തിയിൽ സ്വീകരണം നൽകി. നാളെയാണ് പാർട്ടി കോൺഗ്രസ് ആരംഭിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ കണ്ണൂരിൽ എത്തിയിട്ടുണ്ട്. സമ്മേളന വേദിയായ നായനാർ അക്കാദമിയിൽ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു.
ദേശീയതലത്തിൽ പാർട്ടിയുടെ ശക്തി എങ്ങനെ വീണ്ടെടുക്കാം എന്നതാണ് പാർട്ടി കോൺഗ്രസ് പ്രധാനമായും ചർച്ച ചെയ്യുന്നത്. പാർട്ടി കോൺഗ്രസിൽ കെ-റെയിൽ ചർച്ചയാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ വ്യക്തമാക്കി. പാർട്ടിയുടെ രാഷ്‌ട്രീയ നയ രൂപീകരണ വേദിയാണ് പാർട്ടി കോൺഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















