കീവ്: ലോകത്തിലെ ഏറ്റവും വലിയ വിമാനം റഷ്യൻ സൈന്യം തകർത്തതിന്റെ ചിത്രങ്ങൾ പുറത്ത്. യുക്രെയ്‌നിലെ ഹോസ്റ്റോമെൽ വിമാനത്താവളത്തിൽ സൂക്ഷിച്ചിരുന്ന എഎൻ-225 മ്രിയ വിമാനം ഫെബ്രുവരി 27നായിരുന്നു റഷ്യ തകർത്തത്. ‘ഡ്രീം’ എന്ന് വിളിക്കപ്പെട്ടിരുന്ന ഈ വിമാനം റഷ്യൻ ആക്രമണത്തിന് പിന്നാലെ വെറും ലോഹക്കഷ്ണങ്ങളായി മാറിക്കിടക്കുന്ന കാഴ്ച ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഹോസ്റ്റോമെൽ എയർപോർട്ട് എന്ന പേരിലും അന്റോണോവ് അന്താരാഷ്‌ട്ര വിമാനത്താവളമെന്ന പേരിലും അറിയപ്പെടുന്ന യുക്രെയ്‌നിലെ എയർപോർട്ടിലാണ് ഡ്രീം സൂക്ഷിച്ചിരുന്നത്. ആക്രമണത്തിൽ വിമാനത്തിനോടൊപ്പം എയർപോർട്ടും പൂർണമായും നശിക്കപ്പെട്ടു. കീവിന് പുറത്തായി സ്ഥിതിചെയ്യുന്ന അന്റോണോവ് എയർപോർട്ട് റഷ്യൻ അധിനിവേശത്തിന്റെ ആദ്യ ലക്ഷ്യങ്ങളിൽ ഒന്നുകൂടിയായിരുന്നു.
അന്റോണോവ് വിമാനത്താവളം തകർത്ത് കീവ് പിടിച്ചടക്കുക എന്നതായിരുന്നു റഷ്യൻ സൈന്യത്തിന്റെ ആദ്യ നീക്കം. എന്നാൽ ഹോസ്‌റ്റോമെലിനെയും കീവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇർഫിൻ എന്ന പാലം യുക്രെയ്ൻ സൈന്യം നശിപ്പിച്ചതിനാൽ പദ്ധതി നീണ്ടുപോകുകയായിരുന്നു.
ഇപ്പോൾ റഷ്യയുടെ തകർന്ന സൈനിക വാഹനങ്ങളും യുദ്ധോപകരണങ്ങളും, പൊട്ടിത്തെറിക്കാത്ത ബോംബുകളും മാത്രമാണ് എയർപോർട്ടിലുള്ളത്. നിലവിൽ വിമാനത്താവളത്തിന്റെ നിയന്ത്രണം യുക്രെയ്‌ന്റെ സായുധസേനയുടെ കൈകളിലാണ്. ഇതിന്റെ ഭാഗമായി തകർന്ന എയർപോർട്ടിൽ യുക്രെയ്ൻ പതാക ഉയർത്തിയതായി പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു.
Comments