കീവ്: കിഴക്കൻ യുക്രെയ്നിൽ നടന്ന റോക്കറ്റ് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിത മേഖലകളിലേക്ക് പോകാൻ ട്രെയിൻ കയറിയ യുക്രെയ്ൻ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. ഏകദേശം 35 പേർ കൊല്ലപ്പെട്ടതായും നൂറിലധികം സാധാരണക്കാർക്ക് പരിക്കേറ്റതായുമാണ് വിവരം.
യുക്രെയ്നിലെ ക്രമാടോഴ്സ്ക് നഗരത്തിലുള്ള റെയിൽവേ സ്റ്റേഷനിലേക്കാണ് റോക്കറ്റുകൾ പതിച്ചത്. ബോംബാക്രമണങ്ങൾ നേരിട്ടിരുന്ന സ്ഥലത്ത് നിന്നും രക്ഷപ്പെടുന്നവരായിരുന്നു റെയിൽവേ സ്റ്റേഷനിലും അവിടെ നിർത്തിയിട്ടിരുന്ന ട്രെയിനിലുമുണ്ടായിരുന്നത്. രണ്ട് റോക്കറ്റുകൾ വന്നു പതിച്ചതായി യുക്രേനിയൻ റെയിൽവേ അധികൃതർ അറിയിച്ചു.
കിഴക്കൻ യുക്രെയ്നിലെ പല പ്രദേശങ്ങളും നേരത്തെ തന്നെ റഷ്യൻ അനുകൂലവിമതർ കയ്യടക്കിയിട്ടുള്ള ഭൂപ്രദേശങ്ങളാണെങ്കിലും ആക്രമണത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണക്കാരെ ആക്രമിക്കുകയില്ലെന്ന് യുദ്ധം പ്രഖ്യാപിച്ച ദിനം തന്നെ റഷ്യ വ്യക്തമാക്കിയതാണ്.
അതേസമയം റഷ്യൻ അധിനിവേശം ചർച്ച ചെയ്യാൻ തുർക്കി, ബ്രിട്ടൺ, ഇറ്റലി എന്നീ രാജ്യങ്ങിളിലെ പ്രതിരോധ മന്ത്രിമാർ ഇന്ന് ഇസ്താംബൂളിൽ വെച്ച് കൂടിക്കാഴ്ച നടത്തും. ഇതിനിടെ എട്ട് റഷ്യൻ നയതന്ത്രജ്ഞരെ ജപ്പാൻ ഭരണകൂടം പുറത്താക്കിയെന്ന് മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സാധാരണക്കാരായ യുക്രയ്ൻ സ്വദേശികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു ജപ്പാന്റെ നീക്കം.
Comments