കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്തു. ദിലീപടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിൾ മഞ്ജു തിരിച്ചറിഞ്ഞു. കൊച്ചിയിലെ ഹോട്ടലിൽ എത്തിയാണ് മഞ്ജു അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്‌റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. ബാലചന്ദ്രകുമാർ പോലീസിന് മുന്നിൽ ഹാജരാക്കിയ ശബ്ദസന്ദേശങ്ങൾ ഉൾപ്പെടെ മഞ്ജു വാര്യർ തിരിച്ചറിഞ്ഞെന്നാണ് റിപ്പോർട്ട്. ദിലീപ്, അനൂപ്, സൂരജ് എന്നിവരുടെ ശബ്ദങ്ങൾ മഞ്ജു തിരിച്ചറിഞ്ഞതായാണ് വിവരം.
ഏതാണ്ട് 15 വർഷം ദിലീപിനോടപ്പം സഹവസിച്ചയാൾ എന്ന നിലയ്‌ക്ക് ആ കാലയളവിൽ ദിലീപുമായി ബന്ധപ്പെട്ടിരുന്ന വ്യക്തികളെക്കുറിച്ച് മഞ്ജു വാര്യർക്ക് ധാരണയുണ്ടാകാമെന്നും ശബ്ദം തിരിച്ചറിയാനാകുമെന്നുമുള്ള വിലയിരുത്തലിലാണ് മഞ്ജുവിനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്. കേസിൽ മറ്റ് പല നിർണായക സ്ഥിരീകരണങ്ങളും മഞ്ജു വാര്യർ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ടെന്നാണ് വിവരം.
നാളെയാണ് കേസുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത്. മഞ്ജു വാര്യരെ വീണ്ടും അന്വേഷണ സംഘം വിളിപ്പിക്കാനുള്ള സാധ്യത, കാവ്യയുടെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാകും.
Comments