ക്രിക്കറ്റ് പൊതുവെ മാന്യന്മാരുടെ കളി എന്നാണ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ പ്രഭു കുടുംബങ്ങളിലുളളവരും സമ്പന്നരും പണ്ട് മഞ്ഞുകാലത്ത് കളിച്ചിരുന്ന കളിയാണ് ക്രിക്കറ്റ്. അത് ഒരിക്കലും ഫുട്‌ബോൾ പോലെ സാധാരണക്കാരുടെയും ദരിദ്രരുടെയും കായിക ഇനമായിരുന്നില്ല. അത്‌കൊണ്ടാണ് ക്രിക്കറ്റിനെ gentlemen’s game എന്ന് സായ്പ്പന്മാർ വിശേഷിപ്പിച്ചത്. ഒരു കൂട്ടം മാന്യന്മാർക്ക് സമയം പോകാനുളള കളി മാത്രമായിരുന്നു അന്നൊക്കെ ക്രിക്കറ്റ്. കാലം മാറിയതോടെ ക്രിക്കറ്റ് കളിയിൽ പല മാറ്റങ്ങളും വന്നു. അഞ്ച് ദിവസം നീണ്ടു നിന്നിരുന്ന ടെസ്റ്റ് ക്രിക്കറ്റ് ഒറ്റ ദിവസം കൊണ്ട് തീരുന്ന ഏകദിനവും, നാം ഇന്ന് കാണുന്ന രീതിയിലുളള 20 ഓവർ മാത്രമുളള ടി 20 എന്നീ ഫോർമേറ്റുകളിലേക്ക് രൂപാന്തരപ്പെട്ടു.
അതു പോലെ തന്നെ ക്രിക്കറ്റ് കളിക്കുന്നവരിലും മാറ്റം വന്നു. മാന്യന്മാരുടെ കളി പിന്നീട് സാധാരണക്കരുടെയും ആയി മാറി. അതോടെ ക്രിക്കറ്റ് പേരിൽ മാത്രമായി gentlemen’s game. ബ്രിട്ടന്റെ അധിനിവശത്തോടെയാണ് ക്രിക്കറ്റിന്റെ പ്രചാരം ഇംഗ്ലണ്ടിന് പുറത്തേക്ക് വ്യാപിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കീഴിലുണ്ടായിരുന്ന കോമൺവെൽത്ത് രാജ്യങ്ങളിൽ മാത്രമാണ് ക്രിക്കറ്റിന് ഇന്നും പ്രചാരം. ഇന്ത്യയിലും പാകിസ്താനിലും ക്രിക്കറ്റ് പ്രചാരം നേടിയത് ബ്രിട്ടീഷുകാരുടെ വരവോടെയാണ്.
ഇന്ത്യയിൽ എന്ന പോലെ പാകിസ്താനിലും ഇന്ന് ക്രിക്കറ്റ് ജനകീയ കളിയാണ്. നിരവധി പ്രഗത്ഭരായ താരങ്ങൾക്ക് ജന്മം നൽകിയ മണ്ണ് ആണ് പാകിസ്താൻ. എന്നാൽ പാകിസ്താനിലെ ക്രിക്കറ്റ് താരങ്ങൾ ഒരു കാലത്തും മാന്യന്മാർ ആയിരുന്നില്ല എന്നതാണ് വാസ്തവം. ജാവേദ് മിയാൻദാദ്, സലീം മാലിക്, വസീം അക്രം, മൊയിൻ ഖാൻ, ഇൻസമാം ഉൾ ഹഖ്, വഖാർ യൂനിസ്, ഷൊയ്ബ് അക്തർ തുടങ്ങിയ നിരവധി താരങ്ങൾ പാകിസ്താൻ മണ്ണിൽ പിറവിയെടുത്തവരാണ്. എന്നാൽ ഇവർ ആരും കളിക്കളത്തിനകത്തും പുറത്തും മാന്യന്മാർ ആയിരുന്നില്ല എന്നതാണ് യാഥാർഥ്യം. വിവാദങ്ങൾ എന്നും ഇവരുടെ കൂടപിറപ്പായിരുന്നു. കോഴയും ഒത്ത്കളിയും പാക് ക്രിക്കറ്റിനെ എക്കാലത്തും വേട്ടയാടിയിരുന്നു. പാക് മണ്ണിൽ ഭീകരവാദം കൂടി തഴച്ച് വളർന്നതോടെ രാജ്യത്ത് ക്രിക്കറ്റിന്റെ പതനം പൂർത്തിയായി.
പാകിസ്താനികൾ എക്കാലത്തും ആരാധനയോടെ കണ്ടിരുന്ന താരമാണ് ഇമ്രാൻ ഖാൻ. ഒരു കാലത്ത് ലോകത്തെ മികച്ച നാല് ഓൾറഔണ്ടർമാരിൽ ഒരാളായിരുന്നു ഇമ്രാൻ. ഇന്ത്യയുടെ കപിൽദേവ്, ഇംഗ്ലണ്ടിന്റെ ഇയാൻ ബോതം, ന്യൂസിലാന്റിന്റെ റിച്ചാർഡ് ഹാർഡ്‌ലി എന്നിവരടങ്ങുന്ന ലോകോത്തര ഓൾറൗണ്ടർമാരുടെ ലിസ്റ്റിലായിരുന്നു ഇമ്രാന്റെയും സ്ഥാനം. ബോളും ബാറ്റും ഒരു പോലെ കൈകാര്യം ചെയ്യും. ഏത് പ്രതിസന്ധിയിലും ടീമിനെ കരകയറ്റാൻ പ്രാപ്തൻ. അങ്ങനെ പാക് ജനതയുടെ മനസ്സിൽ ദേശീയ നായകനായി ഈ സുന്ദരൻ കടന്നുകയറി. ഇംഗ്ലണ്ടിലെ സർവ്വകലാശാലയിൽ നിന്ന് ലഭിച്ച പാശ്ചാത്യ വിദ്യാഭ്യാസം ഇമ്രാൻ ഖാനെ മറ്റ് കളിക്കാർക്കിടയിൽ വേറിട്ടവനാക്കി.
പാകിസ്താന് ഒരിക്കൽ മാത്രമാണ് ലോക കപ്പ് കിരീടം നേടാനായത്. ആ ലോകകപ്പിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചതും ഇമ്രാൻ ഖാൻ ആയിരുന്നു. 1992ലെ ലോകകപ്പ് കിരീടവുമായി നിൽക്കുന്ന ഇളം പച്ച കുപ്പായക്കാരനായ നായകന്റെ ചിത്രമാണ് ഇമ്രാനെ കുറിച്ച് ഏതൊരു പാകിസ്താനിയുടെയും മനസ്സിൽ. അത് കൊണ്ട് സ്ഥിരതയില്ലാത്ത പാക് രാഷ്ടീയത്തിലേക്ക് ഇമ്രാൻ കടന്നു വന്നപ്പോൾ പാകിസ്താനികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അവർ ആ ക്രിക്കറ്റ് താരത്തിൽ വലിയ പ്രതീക്ഷയർപ്പിച്ചു. ഇമ്രാന് വലിയ ഇന്നിങ്‌സ് രാഷ്‌ട്രീയത്തിൽ കളിക്കാനാവുമെന്ന് പാക് ജനത കണക്ക് കൂട്ടി. എന്നാൽ എല്ലാം വെറും പ്രതീക്ഷകൾ മാത്രമായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ഭരണകാലം അടിവരയിടുന്നു. ഭീകരവാദം കാരണം ലോകരാഷ്‌ട്രങ്ങൾക്കിയിൽ വില്ലൻ പരിവേഷമാണ് കാലങ്ങളായി പാകിസ്താന് ലഭിക്കുന്നത്. ഇമ്രാന്റെ ഭരണത്തിലും പുതിയ പ്രതിച്ഛായ സൃഷ്ടിക്കാൻ പാകിസ്താന് കഴിഞ്ഞില്ല.
പണപ്പെരുപ്പവും അഴിമതിയും ക്രമാതീതമായി വളർന്നു. സാമ്പത്തിക രംഗത്ത് പാകിസ്താന്റെ സ്ഥാനം യാചകരുടേതിന് തുല്യമായി. ഇമ്രാന്റെ ഭരണത്തിൽ രാജ്യത്തിന്റെ കടം മാനം മുട്ടെ വളർന്നു. കടം കാരണം പ്രസിഡന്റിന്റെ കൊട്ടാരം പോലും വിൽപ്പനയ്‌ക്ക് വച്ചു. വിദേശത്തെ നയതന്ത്ര പ്രതിനിധികൾക്ക് ശമ്പളം പോലും മുടങ്ങുന്ന സ്ഥിതിയുണ്ടായി. പാകിസ്താൻ രൂപയുടെ മൂല്യം പാതാളത്തോളം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം ജനജീവിതം നരകതുല്യമാക്കി. സൗഹൃദം ഭാവിച്ച് കൂട്ടുകൂടിയ ചൈനയുടെ ചതി ഇമ്രാന് താങ്ങാവുന്നതിലും അധികമായിരുന്നു. ബലൂചിസ്താൻ ജനത സ്വാതന്ത്രത്തിനായി പാകിസ്താൻ പട്ടാളവുമായി സന്ധിയില്ലാത്ത യുദ്ധത്തിലാണ്. ഗിൽഗിത്തിലെയും ബാൾട്ടിസ്താനിലെയും ജനങ്ങൾ അസ്വസ്തരായി തെരുവിലാണ്. സാമ്പത്തിക രംഗത്തും നയതന്ത്ര രംഗത്തും പരാജയപ്പെട്ട ഭരണാധികാരിക്ക് അധികാരത്തിൽ തുടരുന്നിൽ വലിയ പ്രതിബന്ധങ്ങളുണ്ടായിരുന്നു. ഒടുവിൽ കൂടെ നിന്നവർ പോലും മുൻ നായകനെ കൈവിട്ടതോടെ ഇമ്രാന്റെ പതനം പൂർത്തിയായി.
കളിയിൽ ക്യാച്ച് എടുക്കുമ്പോൾ അമ്പയർ ഔട്ട് വിധിച്ചില്ലെങ്കിലും സ്വയം പുറത്തേക്ക് പോയി മാതൃക കാട്ടുന്നവർ ആണ് ക്രിക്കറ്റ് താരങ്ങൾ. എന്നാൽ ഈ മാന്യത കാട്ടാൻ ഇമ്രാൻ തയ്യാറായില്ല. ഔട്ട് ആകുമെന്ന് അറിഞ്ഞിട്ടും ഭരണത്തിലും കടിച്ചു തൂങ്ങി നിൽക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പാർലമെന്റിൽ അവിശ്വാസം നേരിടാതെ ഒഴിഞ്ഞു മാറിയത് നാണക്കേടായി. ചരിത്രത്തിൽ ഒരു രാഷ്‌ട്രീയക്കാരനും നേരിടാത്ത കളികളാണ് ഇമ്രാൻ പാകിസ്താൻ രാഷ്‌ട്രീയത്തിൽ പയറ്റിയത്. ജനാധിപത്യ രാഷ്‌ട്രീയത്തിൽ കളങ്കം ചാർത്താൻ അല്ലാതെ മറ്റൊന്നും ഈ പാഴ്ശ്രമം കൊണ്ട് ഈ മുൻ ക്രിക്കറ്റ് താരത്തിന് കഴിഞ്ഞില്ല. ഇനി ഇമ്രാൻ എന്ന പറയുമ്പാൾ ലോകകപ്പുമായി നിൽക്കുന്ന ക്യാപ്റ്റന്റെ വിജയസ്മിതം തൂക്കി നിൽക്കുന്ന മുഖമായിരിക്കില്ല ഓർമ്മ വരിക. അധികാരം നിലനിർത്താൻ വേണ്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്ത് പരാജയപ്പെട്ട ഭരണാധികാരിയായി ആയിരുക്കും ചരിത്രത്തിൽ ഇമ്രാനെ അടയാളപ്പെടുത്തുക.















